മണവാട്ടിമാരേയും തോഴിമാരേയും മൊഞ്ചത്തിമാരാക്കുന്ന പയ്യോളിക്കാരി; കലോത്സവത്തില്‍ 24 ടീമുകള്‍ക്ക് വസ്ത്രമൊരുക്കിയ ടീമില്‍ പയ്യോളിക്കാരി നന്ദനയും
പയ്യോളി: ഒപ്പനയ്ക്ക് മനോഹരമായ തട്ടവും, തിളങ്ങുന്ന വളകളും ആഭരണങ്ങളും ഒക്കെയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മണവാട്ടിയേയും തൊഴിമാരേയുമൊക്കെ കാണാന്‍ തന്നെ നല്ല ചേലല്ലേ. ഇവരെ മൊഞ്ചത്തിമാരാക്കുന്ന കൂട്ടത്തില്‍ ഒരു പയ്യോളിക്കാരിയുമുണ്ട്. പയ്യോളി രണ്ടാം ഗേറ്റ് തെക്കേ മരച്ചാലില്‍ നന്ദന.
വടകരയിലെ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ലെന ക്രിയേഷന്‍സിന്റെ കക്കട്ടിലുള്ള ഷോപ്പിലെ ഡിസൈനറാണ് നന്ദന. ലെന ക്രിയേഷന്‍സ് ജീവനക്കാരനായ സജീറിന്റെ നേതൃത്വത്തില്‍ നന്ദന ഉള്‍പ്പെടെയുള്ള സംഘമാണ് ഈ സംസ്ഥാന കലോത്സവത്തില്‍ എച്ച്.എസ്.എസ്, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 24 ടീമുകള്‍ക്ക് വസ്ത്രവും മേക്കപ്പും ചെയ്യുന്നത്.
ഇത് ആറാമത്തെ തവണയാണ് നന്ദന കലോത്സവ വസ്ത്ര ഡിസൈനിങ്ങില്‍ കൈവെക്കുന്നത്. ലെന ക്രിയേഷന്‍സിന്റെ ഡിസൈനിങ് മികവറിഞ്ഞ ചില അധ്യാപകരാണ് ഇവരെ കലോത്സവ ഒപ്പന വസ്ത്ര ഡിസൈനിങ്ങിനായി സമീപിച്ചത്. ഒപ്പനയില്‍ തട്ടത്തിന്റെയും മണവാട്ടിയുടെ വസ്ത്രത്തിന്റെയും കാര്യത്തിലാണ് ഏറെ പ്രാധാന്യമുള്ളതെന്ന് നന്ദന പറയുന്നു.
ഒരുപാട് ടീമുകള്‍ക്ക് ചെയ്യുന്നതിനാല്‍ ഓരോന്നിലും വ്യത്യസ്ത കൊണ്ടുവരികയെന്നത് ഏറെ വെല്ലുവിളിയാണ്. വസ്ത്രങ്ങള്‍ തമ്മില്‍ സാമ്യം വരാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. നിറം ലെയ്‌സിന്റെ ഡിസൈന്‍ മാറ്റം, കല്ലുകള്‍ പതിക്കുന്നതിലുള്ള മാറ്റം എന്നിവയിലൂടെയാണ് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുള്ളതെന്നും നന്ദന വ്യക്തമാക്കി.