വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തില്ലേ? ഓൺലെെനായി ജൂൺ 21 വരെ പേര് ചേർക്കാം, നോക്കാം വിശദമായി


കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ ഈ മാസം 21 വരെ പേര് ചേർക്കാം. മരണപ്പെട്ടവരുടെയും മറ്റും പേരുകൾ ഒഴിവാക്കാനും വോട്ടർ പട്ടികയിലെ പേര് നിലവിൽ താമസിക്കുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റാനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് പേര് മാറ്റാനും മറ്റും ഇക്കാലയളവിൽ സാധിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു എന്ന് കരുതി അടുത്ത വർഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല. രണ്ടും പൂർണമായും വെവ്വേറെ വോട്ടർ പട്ടികകളാണ്. തദ്ദേശവോട്ടര്‍ പട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനക്കായി ലഭിക്കും

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ

ജൂൺ ആറിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചത്. കരട് വോട്ടർ പട്ടികയുടെ കോപ്പി അതാത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭിക്കും. ഇത്‌ പരിശോധിച്ചശേഷം പട്ടികയിൽ പേര് ഇല്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ www.sec.kerala.gov.in ൽ കയറി Citizen Registration എന്ന ലിങ്കിൽ പ്രവേശിച്ചു വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രേഖകളുമായി നേരിട്ടുചെന്നും പേര് ചേർക്കാവുന്നതാണ്. 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായ ആർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പുതിയ പേരുകൾ കൂട്ടിച്ചേർത്തും ഒഴിവാക്കേണ്ടത് ഒഴിവാക്കിയതിനും ശേഷമുള്ള പുതുക്കിയ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടറുകൾ തുടങ്ങാൻ ജില്ലാ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല.

വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താനും ഉത്തരവുണ്ട്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടർ പട്ടികയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയും ഒന്നാണ് എന്ന് ജനങ്ങൾക്ക് തെറ്റിദ്ധാരണയുള്ള പശ്ചാത്തലത്തിലാണിത്.