”അദ്ദേഹത്തിന് സ്‌ക്രീനിന് പുറത്ത് തനി അരക്കിണറുകാരനും കല്ലായിക്കാരനുമായി ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നടക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്” മാമുക്കോയയുടെ സ്വീകരണമുറിയിലെ വിസ്മയിപ്പിച്ച പുസ്തകശേഖരത്തെക്കുറിച്ച് നജീബ് മുടാടി എഴുതുന്നു
ഇന്നലെ, അന്തരിച്ച നടന്‍ മാമുക്കോയയുടെ വീടിന്റെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ വിസ്മയിപ്പിച്ചത് അദ്ദേഹത്തിന്റെ ഈ പുസ്തകശേഖരമാണ്. പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യതാരമായും തഗ്ഗുകളുടെ തമ്പുരാനായും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ മനുഷ്യന്റെ വായനയുടെ വലിപ്പവും വൈവിധ്യവും ഈ പുസ്തകശേഖരം നോക്കിയാല്‍ അറിയാം. ചരിത്രവും മതങ്ങളും ഫിക്ഷനും ഒക്കെ ചേര്‍ന്ന വലിയ വായനാലോകം. ഇതിനും പുറമേ മേശപ്പുറത്ത് അടുക്കിവെച്ച ധാരാളം പുസ്തകങ്ങള്‍.
പേരിന് മുന്നിലും പിന്നിലും ബിരുദങ്ങളുടെ ഭാരമോ എന്തിന് സ്‌കൂള്‍ പഠനത്തിനപ്പുറം അക്കാദമിക് വിദ്യാഭ്യാസമോ ഇല്ലാത്ത ഒരാള്‍. എന്നിട്ടും ബഷീറിന്റെ പ്രിയപ്പെട്ടവനും, എസ് കെ പൊറ്റക്കാട് അടക്കമുള്ള കോഴിക്കോട്ടെ എഴുത്തുകാരും കലാകാരന്മാരുമായി അടുത്ത ബന്ധമുള്ള ആളായി മാറിയത് നാടകനടന്‍ ആയതു കൊണ്ട് മാത്രമല്ല. പരന്ന വായനയുടെയും അറിവിന്റെയും തിളക്കമുള്ള കലാകാരനെ അവര്‍ തിരിച്ചറിഞ്ഞത് കൊണ്ടുകൂടിയാണ്.
ഏറെക്കുറെ സിനിമകളിലും വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചായക്കടക്കാരനായും വേലക്കാരനായും കല്യാണബ്രോക്കറായുമൊക്കെ മാത്രം വേഷമിട്ട സിനിമയിലായാലും അഭിമുഖങ്ങളിലായാലും തനി കോഴിക്കോടന്‍ വാമൊഴിയല്ലാതെ അച്ചടിഭാഷ സംസാരിക്കാത്ത ഈ ചെറിയ മനുഷ്യന്‍ കോഴിക്കോട്ടെ സാംസ്‌കാരിക വേദികളില്‍ ഉറച്ച നിലപാടുകളോടെ നിറഞ്ഞു നിന്നതും തന്റെ പല സിനിമകളിലെയും കഥാപാത്രങ്ങളെ പോലെ കൂസലില്ലാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞതും വായനയും ചിന്തയും ചെറുപ്പകാലം മുതല്‍ കലാ- സാംസ്‌കാരിക ലോകത്തു പ്രവര്‍ത്തിച്ച പരിചയവും കൊണ്ടാണ്.
സിനിമയുടെ ഗ്ലാമര്‍ലോകം അദ്ദേഹത്തെ ഭ്രമിപ്പിക്കാഞ്ഞതും സ്‌ക്രീനിന് പുറത്ത് തനി അരക്കിണറുകാരനും കല്ലായിക്കാരനുമായി ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നടക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്.
അദ്ദേഹം അഭിനയിച്ച സിനിമകളുടെ അമ്പതും നൂറും നൂറ്റമ്പതും ദിവസങ്ങള്‍ ആഘോഷിച്ചപ്പോള്‍ ലഭിച്ച മൊമെന്റോകള്‍ തിങ്ങി നിറഞ്ഞ റാക്കിന് ചുവട്ടിലെ (ഇനി മലയാളസിനിമക്ക് അങ്ങനെ ഒരു കാലമുണ്ടാകില്ല)
ഈ വലിയ പുസ്തകശേഖരം ഓര്‍മ്മിപ്പിക്കുന്നു.
ഹാസ്യനടനായി മാത്രം ഓര്‍ക്കപ്പെടേണ്ട ഒരാളല്ല മാമുക്കോയ എന്ന അഭിനേതാവും മനുഷ്യനും.