‘മോശമായ ഭാഷയിൽ എന്തൊക്കയോ അവർ വിളിച്ച് പറയുന്നുണ്ടായിരുന്നു, അഖിലേഷിന് കുത്തേറ്റപ്പോഴാണ് അവൻ പുറകിലുണ്ടെന്ന് മനസിലായത്’; ഏറാമലയിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്


വടകര: ഇരുട്ടത്ത് നിന്ന് പലരും മോശമായ ഭാഷയിൽ ചീത്ത വിളിക്കുന്നുണ്ടായിരുന്നു, അത്തരത്തിലാണ് അവനും പറയുന്നത് എന്നാണ് ഞങ്ങളും കരുതിയത്. എന്നാൽ അഖിലേഷിന് കുത്തേറ്റപ്പോഴാണ് പുറകിൽ നിന്നവൻ ആക്രമിക്കുകായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. ആക്രമണം പ്രതീക്ഷിക്കാത്തതിനാൽ ഒന്നും ചെയ്യാനും സാധിച്ചില്ല. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരന് കുത്തേറ്റ സാഹചര്യം വിശദമാക്കി സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥൻ. കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടായിരുന്നു പോലീസുകാരന്റെ പ്രതികരണം.

പോലീസുകാരന്റെ വാക്കുകളിലേക്ക് …

ഉത്സവ ഡ്യൂട്ടിയിലായിരുന്നു ഞങ്ങൾ എല്ലാവരും. അപ്പോഴാണ് ക്ഷേത്രത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പണം വെച്ച് ചീട്ട് കളിക്കുന്നതായി വിവരം ലഭിക്കുന്നത്. തുടർന്ന് ഇത് അന്വേഷിക്കുന്നതിനായി ഞങ്ങൾ അഞ്ച് പേരും പോയി. പോലീസ് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനാൽ കളിക്കുന്ന സ്ഥലങ്ങളിൽ നിന്ന് എല്ലാവരും ഇരുട്ടിലേക്ക് ഒഴിഞ്ഞ് മാറിയിരുന്നു. ആളുകൾ പോയതിനാൽ വെളിച്ചത്തിനായി ഉപയോ​ഗിച്ച ഉപകരണങ്ങളുമായി ഞങ്ങൾ മടങ്ങി. എന്നാൽ പുറകിൽ നിന്നൊരാൾ മോശമായ ഭാഷയിൽ ഞങ്ങളോട് സംസാരിക്കുന്നുണ്ടായിരുന്നു. ധൈര്യം ഉണ്ടെങ്കിൽ എന്നെ ഇവിടെ നിന്ന് കൊണ്ടുപോകെടാ എന്നൊക്കെ അവൻ വിളിച്ച് പറയുന്നുണ്ടായിരുന്നു. അവനൊപ്പം ഓടി മറഞ്ഞ ആളുകളും ഇരുട്ടിൽ നിന്ന് മോശമായ രീതിയിൽ ഞങ്ങളെ എന്തൊക്കയോ വിളിച്ചു. ഉത്സവമായതിനാൽ പലരും കള്ളുകുടിച്ചാണ് സംസാരിക്കുന്നതെന്ന് ബോധ്യമായതിനാൽ ഞങ്ങൾ അത് കാര്യമാക്കിയില്ല.

എന്നാൽ പുറകിൽ നിന്നവൻ ഓടിവന്ന് അഖിലേഷിനെ കുത്തിയപ്പോൾ മാത്രമാണ് അവൻ ഞങ്ങൾക്കരികിലെത്തിയത് മനസിലാക്കാൻ കഴിഞ്ഞത്. അത്തരത്തിൽ ഒരു ആക്രമണം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, അതിനാൽ അവനെ തടയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല. ആക്രമണം നടന്ന ഉടനെ മൽപ്പിടുത്തത്തിലൂടെ ഞങ്ങൾ അവനെ കീഴിപ്പെടുത്തിയിരുന്നു. എന്നാൽ തുടയിൽ കുത്തേറ്റ അഖിലേഷിന്റെ ശരീരത്തിൽ നിന്ന് നല്ലരീതിയിൽ രക്തം ഒഴുകുന്നുണ്ടായിരുന്നു. പ്രതിയേക്കാൾ സഹപ്രവർത്തന്റെ ജീവനാണ് ഞങ്ങൾ മുൻതൂക്കം നൽകിയത്. അതിനാൽ പെട്ടന്നുതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി. ഇതിനിടയിൽ പ്രതി രക്ഷപ്പെട്ടെന്നും പോലീസുകാരൻ പറയുന്നു.

ഇന്നലെ രാത്രിയാണ് ക്ഷേത്രോത്സവത്തിനിടെ നടുവണ്ണൂർ സ്വദേശിയും എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനുമായ അഖിലേഷിന് കാലിന്റെ തുടയിൽ കത്തപോലുള്ള മാരകായുധം ഉപയോ​ഗിച്ച് കുത്തേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലതൃപ്തികരമാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.