ശരീരം തളര്‍ത്തിയെങ്കിലും ജീവിതത്തില്‍ തോറ്റുകൊടുക്കാതെ; കുട നിര്‍മ്മാണത്തിലൂടെ ജീവിതം പച്ചപിടിപ്പിക്കാനൊരുങ്ങി നടുവണ്ണൂര്‍ കരുമ്പാപ്പൊഴിയില്‍ സുവര്‍ണ്ണന്‍
ഉള്ളിയേരി: പുളളിയും ഒറ്റനിറങ്ങളും വര്‍ണ്ണങ്ങളും കൊണ്ട് അലങ്കൃതമയ കുടകള്‍. ശരീരം തളര്‍ത്തിയിട്ടും കുട നിര്‍മ്മാണത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് നടുവണ്ണൂര്‍ കരുമ്പാപ്പൊഴിയില്‍ സുവര്‍ണ്ണന്‍. 14 വര്‍ഷത്തോളമായി അരയ്ക്ക് താഴോട്ട് ശരീരം തളര്‍ന്ന് വീല്‍ച്ചെയറിലാണ് സുവര്‍ണ്ണന്‍. എന്നാലും മനസ്സ് തളരാതെ കുടുംബം പോറ്റാനുളള തന്ത്രപ്പാടിലാണ്. വാര്‍പ്പ് പണിക്കാരനായിരുന്ന സുവര്‍ണ്ണന്‍ പണിക്കിടെ രണ്ടാംനിലയില്‍ നിന്നും താഴോട്ട് വീണാണ് അരയ്ക്ക് താഴോട്ട് ചലനശേഷി നഷ്ടമാകുന്നത്.
പിന്നീട് നാട്ടുകാരുടെയെല്ലാം സഹായത്തോടെ പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇങ്ങനെ ഇരുന്നാല്‍ ശരിയാകില്ലെന്ന മനസ്സുറപ്പുകൊണ്ടാണ് തന്നാല്‍ കഴിയുന്ന പണികള്‍ ചെയ്ത് തുടങ്ങിയത്. നടുവണ്ണൂര്‍ പാലിയേറ്റീവ് അംഗം നാരായണന്‍ മാഷിന്റെ പ്രചോദനത്തിലാണ് കുട നിര്‍മ്മാണത്തിലേയ്ക്ക് കടക്കുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച കുടനിര്‍മ്മാണ പരിശീലനത്തില്‍ പങ്കെടുത്ത് പഠിക്കുകയായിരുന്നു.
9 വര്‍ഷത്തോളമായി നിലവില്‍ ഏകജീവിത വരുമാന മാര്‍ഗവും കുട നിര്‍മ്മാണം തന്നെ. എന്നാല്‍ നാട്ടുകാരുടെയും പാലിയേറ്റീവിന്റെയും ബന്ധുക്കളുടെയും അകമഴിഞ്ഞ സഹായങ്ങള്‍ കൊണ്ടാണ് തന്റെ ജീവിതം മുന്നോട്ട പോകുന്നതെന്ന് സുവര്‍ണ്ണന്‍കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കിടന്നുകൊണ്ടാണ് കുട നിര്‍മ്മിക്കുന്നത്. കുടനിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ മുന്‍പ് പാലിയേറ്റീവ് ആളുകളായിരുന്നു എത്തിച്ചിരുന്നത്. ഇപ്പോള്‍ കടകളില്‍ ഓര്‍ഡര്‍ ചെയത് നിര്‍മ്മാണം തുടരുന്നു. കുടനിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളുടെ ക്വാളിറ്റിയില്‍ ഒരുവിട്ടുവീഴ്ചയും താന്‍ വരുത്താറില്ലെന്നും ജനങ്ങല്‍ തന്നെ ഇത്രയേറെ സഹയാക്കുമ്പോള്‍ അവരെ പറ്റിക്കാന്‍ പാടില്ലെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും സുവര്‍ണ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുളള കുടകള്‍ സുവര്‍ണ്ണന്‍ നിര്‍മ്മിക്കാറുണ്ട്. ശാരീരിക പരിമിതികള്‍ കാരണം ഒരു ദിവസം മൂന്നോ നാലോ കുടകളാണ് നിര്‍മ്മിക്കാറുളളത്. ആരെങ്കിലുമൊക്കെ വന്ന് കുടകള്‍ വന്ന് വാങ്ങി സഹായിക്കുമെന്നാണ് സുവര്‍ണ്ണന്റെ പ്രതീക്ഷ. തന്നെപ്പോലെ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് വിലകുറച്ചാണ് സുവണ്ണന്‍ കുടവില്‍ക്കാറുളളത്. മിതമായ നിരക്കിലാണ് കുട വില്‍ക്കുന്നത്. മറ്റ് ചിലവുകളും തന്റെ അധ്വാനത്തിന്റെ കൂലിയും മാത്രമേ വാങ്ങാറുളളു. മഴക്കാലമിങ്ങെത്തുമ്പോള്‍ താന്‍ നിര്‍മ്മിച്ച കുടകള്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് സുവര്‍ണ്ണന്‍.
നിങ്ങള്‍ക്കും സുവര്‍ണനെ സഹായിക്കാം. കുട വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഈ 7034427602 നമ്പറില്‍ ബന്ധപ്പെടുക.