കൊയിലാണ്ടിയില്‍ നിന്നും തുറയൂരിലേക്ക് ഇനി എളുപ്പയാത്ര; നടക്കൽ, മുറിനടക്കൽ പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു
മേപ്പയൂര്‍: കീഴരിയൂർ- തുറയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴരിയൂർ-പൊടിയാടി- തുറയൂർ റോഡിൽ നിർമ്മിച്ച നടക്കൽ, മുറിനടക്കൽ പാലങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. കോരപ്ര- പൊടിയാടി റോഡിൽ എട്ട് കോടി ചെലവിലാണ് പാലങ്ങൾ നിർമ്മിച്ചത്. ഇരുപാലങ്ങളിലും ക്യാരേജ് വേയ്ക്ക് പുറമേ ഇരുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഇരു പാലങ്ങളോടും ചേർന്ന് അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.
കേരളത്തിൽ നിലവിലെ സർക്കാർ അധികാാരത്തിലെത്തിയതിന് ശേഷം 89 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചെന്ന് ഉദ്ഘാടനപ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ‘അഞ്ച് വർഷത്തിനുള്ളിൽ നൂറ് പാലങ്ങൾ എന്നതായിരുന്നു സർക്കാർ ലക്ഷ്യം. ഇപ്പോൾ തന്നെ 89 പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. അധികം വെെകാതെ തന്നെ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ടൂറിസത്തിന് അനന്ത സാധ്യതകളുള്ള സ്ഥലമാണ് കീഴരിയൂർ-പൊടിയാടി- തുറയൂർ റോഡ് കടന്നുപോകുന്ന പ്രദേശം. അതിനാൽ ടൂറിസത്തിന്റെ സാധ്യതകൾ എന്തെല്ലാെം, ഇവിടെ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നിവ മനസിലാക്കുന്നതിനായി ഒരു പഠനം നടത്താനും ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
ദേശീയപാതയിലെ കൊല്ലം ജങ്ഷനില്‍ നിന്ന് നെല്ല്യാടിക്കടവ് പാലം കടന്ന് മൂന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കീഴരിയൂര്‍ സെന്ററിലെത്താം. അവിടെ നിന്നാണ് പൊടിയാടി-തുറയൂര്‍ റോഡ് തുടങ്ങുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് അനുവദിച്ച ഒരു കോടി 61 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.
പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ദേശീയപാതയില്‍ നിന്ന് കൊല്ലം വഴി, നെല്ല്യാടിക്കടവ് പാലം കടന്ന് കീഴയിരൂര്‍ തുറയൂര്‍ വഴി എളുപ്പത്തില്‍ പയ്യോളിയില്‍ എത്താം. തുറയൂരില്‍ നിന്നും കൊയിലാണ്ടിയിലേക്കുളള ദൂരവും ഗണ്യമായി കുറയും. ഗതാഗതത്തോടൊപ്പം പ്രദേശത്തെ ടൂറിസത്തിനും ഏറെ ഗുണകരമാണ് ഈ വഴി. തുറയൂര്‍, പയ്യോളി, മണിയൂര്‍, പേരാമ്പ്ര, മേപ്പയ്യൂര്‍ ഭാഗത്തേക്കെല്ലാം ഈ റോഡ് വഴി പോകാം.
നടക്കല്‍ പാലം 20 സ്പാനുകളിലും മുറിനടക്കല്‍ പാലം 22 സ്പാനുകളിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരു പാലങ്ങളുടെ ഇരുവശങ്ങളിലും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. നടക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് കീഴരിയൂര്‍ ഭാഗത്ത് 86 മീറ്ററും തുറയൂര്‍ പഞ്ചായത്തില്‍ 63 മീറ്ററുമാണ്. മുറിനടക്കല്‍ പാലത്തില്‍ ഇത് 65 മീറ്റര്‍, 83.7 മീറ്റര്‍ എന്നിങ്ങനെയാണ്.
ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ എം പി ശിവാനന്ദൻ, ദുൽഖിഫിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ നിർമ്മല, സി.കെ ഗിരീഷ്, വെെസ് പ്രസിഡന്റുമാരായ ശ്രീജ മാവുള്ളാട്ടിൽ, എൻ.എം സുനിൽകുമാർ, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.എം രവീന്ദ്രൻ, ലീന പുതിയോട്ടിൽ, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് അഭിജിത്ത് സ്വാഗതവും പാലങ്ങൾ ഉപേതര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ പി കെ രബീഷ് കുമാർ നന്ദിയും പറഞ്ഞു.