ഒടുവില്‍ ആശ്വാസം; തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി


തിരുവനന്തപുരം: ചാക്കയില്‍ നിന്ന് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സ്റ്റേഷന് സമീപത്തെ ഓടയ്ക്ക് അടുത്തായിരുന്നു കുട്ടി. കാണാതായി 19 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്.

കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രയിലേക്ക് മാറ്റി. പേട്ട ബ്രഹ്‌മോസിന് സമീപത്ത് നിന്നാണ് ബീഹര്‍ സ്വദേശികളുടെ മകളായ രണ്ട് വയസുകാരിയെ ഞായറാഴ്ച രാത്രിയോടെ കാണാതായത്. ദമ്പതികളുടെ നാലുമക്കളും ഒരുമിച്ചായിരുന്നു അന്നേ ദിവസം ഉറങ്ങാന്‍ കിടന്നിരുന്നത്. ഇവിടെ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

നഗരത്തിന്റെ ആ ഭാഗത്ത് എങ്ങനെയാണ് കുട്ടി എത്തിപ്പെട്ടത് എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. പെട്ടന്ന് കാണാന്‍ കഴിയുന്ന തരത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ കുട്ടിയില്‍ കാണാനായിട്ടില്ല. വൈദ്യപരിശോധനക്ക് ശേഷം കൂടുതൽ കാര്യങ്ങൾക്കു മറുപടി പറയാമെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടു പോയ വിവരം മാധ്യമശ്രദ്ധ നേടുകയും വലിയ തോതില്‍ തിരച്ചില്‍ നടക്കുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസിന്റെ അനുമാനം. പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമം തുടരുകയാണ്.