ഇത് സാഹോദര്യത്തിന്റെ മധുരം, നമ്മുടെ നാടിന്റെ മാതൃക; പാറപ്പള്ളിയിൽ നിന്നുള്ള നബിദിന റാലിയെ സ്നേഹമധുരം നൽകി വരവേറ്റ് മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്ര പരിസരം (വീഡിയോ കാണാം)


കൊയിലാണ്ടി: കൊല്ലം ഖിദ്മത്തുല്‍ ഇസ്ലാം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബി ദിന റാലിയ്ക്ക് മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്ര പരിസരത്ത് ലഭിച്ചത് ഊഷ്മളമായ വരവേൽപ്പ്. മതസാഹോദര്യത്തിന്‍റെ മധുരം വിളമ്പിക്കൊണ്ടാണ് ക്ഷേത്ര പരിസരത്തുള്ളവർ റാലിയെ സ്വീകരിച്ചത്.

റാലിയില്‍ പങ്കെടുത്ത ഇരുനൂറ്റിയറുപതോളം കുട്ടികള്‍ക്ക് പുറമെ റാലിയെ നയിച്ച ഖിദ്മത്തുല്‍ ഇസ്ലാം കമ്മറ്റി ഭാരവാഹികള്‍, ഉസ്താദുമാര്‍ എന്നിവരും സാഹോദര്യത്തിന്‍റെ മധുരം നുണഞ്ഞു.

പാറപ്പള്ളിയില്‍ നിന്ന് ആരംഭിച്ച റാലിയ്ക്ക് മന്ദമംഗലം ബീച്ചില്‍ ചേരിക്കുഴിയില്‍ സ്വാമിയാര്‍ക്കാവ് ക്ഷേത്രത്തിനടുത്ത് വെച്ചാണ് ഐസ്ക്രീം നല്‍കിക്കൊണ്ട് ഹൃദ്യമായ സ്വീകരണമൊരുക്കിയത്.

വര്‍ഷങ്ങളായി നബി ദിനത്തിലെ മധുരവിതരണം ഒരാചാരം പോലെ ഈ നാട് നടത്തുന്നുണ്ട്. കൊറോണക്കാലത്ത് താൽക്കാലികമായി അത് തടസ്സപ്പെട്ടെങ്കിലും ഈ നബി ദിനത്തില്‍ പുനരാരംഭിച്ചു.

മുന്‍ വര്‍ഷങ്ങളിലും മധുരവിതരണം നടത്താറുണ്ടെന്നും വളരെ സന്തോഷം നല്‍കുന്ന ഒരു അനുഭവമായാണ് ഇതിനെ കുട്ടികളും രക്ഷിതാക്കളുമടക്കമുള്ളവര്‍ നോക്കിക്കാണുന്നതെന്നും ഇത്തരം ബന്ധങ്ങള്‍ ഇനിയും നിലനിര്‍ത്തിപ്പോരണമെന്നും റാലിയുടെ സ്വാഗതസംഘം പ്രസിഡന്‍റ് ജുനൈദ് പാറപ്പള്ളി കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

നബിദിന റാലിയെ സ്വീകരിക്കാനും മധുരവിതരണം നടത്താനും നേതൃത്വം നല്‍കിയത് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന നിഷാന്ത്, ശിവന്‍, രജീഷ്, സി.ടി.അനി, ബിനോയ് എന്നിവരാണ്.

ഈ നാട്ടിൽ എല്ലാവരും സൗഹാർദ്ദപരമായാണ് കഴിയുന്നതെന്നും സ്വാമിയാര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവസമയത്ത് സമൂഹ സദ്യ ഉൾപ്പെടെയുള്ള കാര്യങ്ങളിലെല്ലാം ഇതരമതസ്ഥരും സഹകരിക്കാറുണ്ടെന്നും ശിവന്‍ കൊയിലാണ്ടി ന്യൂസിനോട് വ്യക്തമാക്കി.

മധുരവിതരണത്തിനു ശേഷം ഊഷ്മള സ്വീകരണത്തിനുള്ള നന്ദിയറിച്ചുകൊണ്ട് മസ്ജിദുള്‍ ബുര്‍ഹാനിയിലെ ഇമാം മുനീര്‍ ദാരിമി മതസൗഹാര്‍ദ പ്രഭാഷണം നടത്തി.

വീഡിയോ കാണാം: