മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്; കരുത്തുകാട്ടി കെ.എം.ഷാജി പക്ഷം, തിരിച്ചടിയില്‍ ക്ഷുഭിതനായി മടങ്ങി കുഞ്ഞാലിക്കുട്ടി


കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കെ.എം ഷാജി പക്ഷത്തിന്റെ നിലപാടുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷം. ഭാരവാഹിത്വത്തിലേക്ക് ഷാജി പക്ഷം നിര്‍ദേശിച്ചവരെ തന്നെ പിന്തുണയ്‌ക്കേണ്ട അവസ്ഥയിലായി കുഞ്ഞാലിക്കുട്ടി പക്ഷം. ഇതോടെ എം.എ.റസാഖിനെ പ്രസിഡന്റായും ടി.ടി. ഇസ്മയിലിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറര്‍.

കുഞ്ഞാലിക്കുട്ടി പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് കുറ്റ്യാടി മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ളയെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സൂപ്പി നരിക്കാട്ടേരിയെയുമാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഷാജി പക്ഷം പ്രസിഡന്റായി എം.എ. റസാഖിനെയും ജനറല്‍ സെക്രട്ടറിയായി ടി.ടി. ഇസ്മയിലിനെയും നിര്‍ദേശിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമായി.

ഒത്തുതീര്‍പ്പിനായി ലീഗ് സംസ്ഥാന സമിതി ഓഫീസായ കോഴിക്കോട് ലീഗ് ഹൗസില്‍ നേതാക്കളുടെ നീണ്ട ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയില്‍ ടി.ടി. ഇസ്മയിലിനെ ജനറല്‍ സെക്രട്ടറിയാക്കാമെന്നും എന്നാല്‍ പാറക്കല്‍ അബ്ദുള്ളയെ പ്രസിഡന്റാക്കണമെന്നുമുള്ള വിട്ടുവീഴ്ചയ്ക്കുവരെ കുഞ്ഞാലിക്കുട്ടി പക്ഷം തയ്യാറായെങ്കിലും എതിര്‍പക്ഷം ഇതുപോലും അംഗീകരിക്കാന്‍ തയ്യാറായില്ല.

എം.കെ. മുനീറും ഇ.ടി. മുഹമ്മദ് ബഷീറും കെ.എം. ഷാജിക്കൊപ്പം നിന്നു. മത്സരിക്കുമെന്ന് ഈ പക്ഷം ഭീഷണിമുഴക്കിയതോടെ പൂര്‍ണ്ണമായും കീഴടങ്ങാന്‍ കുഞ്ഞാലിക്കുട്ടി പക്ഷം നിര്‍ബന്ധിതമാവുകയായിരുന്നു. ഷാജിയുടെ പാനല്‍ വരട്ടേയെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തു. ഇതോടെ, ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി ലീഗ് ഹൗസില്‍ നിന്ന് മടങ്ങിയത്.

കുഞ്ഞാലിക്കുട്ടിയുമായി കുറച്ചുകാലമായി അകലത്തിലുള്ള എം.എ. റസാഖ് നിലവില്‍ ഷാജി പക്ഷത്തിനൊപ്പമാണ്. കെ- റെയില്‍ വിരുദ്ധസമരസമിതിയുടെ ജില്ലാ ചെയര്‍മാനായ ടി.ടി. ഇസ്മയില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷക്കാരനായാണ് അറിയപ്പെടുന്നത്.