താഹിറ ലക്ഷ്യമിട്ടത് സഹോദരന്റെ ഭാര്യയെ, ഇരയായത് പന്ത്രണ്ടുകാരന്‍ അഹമ്മദ് ഹസന്‍ റിഫായി; അരിക്കുളം കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


Advertisement

കൊയിലാണ്ടി: അരിക്കുളത്ത് ഐസ്‌ക്രീം നല്‍കി പന്ത്രണ്ടുകാരനെ കൊന്ന സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ ലക്ഷ്യമിട്ടത് തന്റെ സഹോദരന്റെ ഭാര്യയെ ആണെന്ന് പ്രതി താഹിറ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അവര്‍ വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് മകന്‍ അഹമ്മദ് ഐസ്‌ക്രീം കഴിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

Advertisement

രണ്ട് കുടുംബങ്ങളും അടുത്തടുത്ത വീടുകളിലാണ് താമസം. താഹിറയ്ക്ക് ഭര്‍ത്താവിന്റെ സഹോദരിയോടുള്ള മുന്‍വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. മരിച്ച അഹമ്മദിന്റെ ഉമ്മയും സഹോദരങ്ങളും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ മാത്രമാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ കൂട്ടമരണത്തിന്റെ വാര്‍ത്തയായിരുന്നു പുറത്ത് വരിക.

Advertisement

വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അഹമ്മദിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. നിരവധി പേരില്‍ നിന്നാണ് പൊലീസ് മൊഴിയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് പ്രതി താഹിറയാണ് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിനൊടുവില്‍ താഹിറ കുറ്റം സമ്മതിച്ചു. താഹിറയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും പൊലീസ് പറയുന്നു.

Advertisement

കോഴിക്കോട് റുറല്‍ ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐയുടെ ചുമതലയുള്ള കെ.സി.സുബാഷ് ബാബു, എസ്.ഐ വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി .ഒ, ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.


Related News: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവം കൊലപാതകം; കുട്ടിയുടെ ബന്ധുവായ സ്ത്രീ അറസ്റ്റില്‍