അരിക്കുളത്ത് കുട്ടിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി താഹിറയ്ക്ക് ഏറ്റവുമധികം ശത്രുത കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയോട്, കൊലപാതകത്തിന് പിന്നില്‍ കുടുംബത്തോടുള്ള ശത്രുതയെന്നും പൊലീസ് നിഗമനം


കൊയിലാണ്ടി: അരിക്കുളത്ത് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് പന്ത്രണ്ടുകാരനെ കൊലപ്പെടുത്തിയതിനു പിന്നില്‍ കുടുംബത്തോടുള്ള ശത്രുതയെന്ന് പൊലീസ് നിഗമനം. കൊല്ലപ്പെട്ട അഹമ്മദ് ഹസന്‍ റിഫായിയുടെ മാതാവ് അസ്മയോടായിരുന്നു പ്രതിയായ താഹിറക്ക് പ്രധാന ശത്രുത.

അസ്മയെക്കൂടി കൊലപ്പെടുത്താന്‍ താഹിറ ലക്ഷ്യമിട്ടിരുന്നു. കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫാമിലി പാക്ക് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കിയത്. എന്നാല്‍ അസ്മയും ഹസന്‍ റിഫായിയുടെ രണ്ട് സഹോദരങ്ങളും പേരാമ്പ്രയിലേക്ക് പോയ സമയത്തായിരുന്നു താഹിറ ഐസ്‌ക്രീമുമായി വീട്ടിലെത്തിയത്. കുട്ടിയുടെ അച്ഛനും വീട്ടിലുണ്ടായിരുന്നില്ല. വല്യുമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

ഐസ്‌ക്രീം കഴിക്കുമ്പോള്‍ തരിപ്പ് തോന്നിയതായി കുട്ടി പറഞ്ഞിരുന്നു. രുചി ഇഷ്ടപ്പെടാത്തതിനാല്‍ ഹസന്‍ റിഫായി ഐസ്‌ക്രീം മുഴുവന്‍ കഴിച്ചിരുന്നില്ല.

സഹോദരനെയും കുടുംബത്തെയും ഇല്ലാതാക്കുകയെന്നത് താഹിറ ഏറെനാള്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് പൊലീസ് നിഗമനം.

അരിക്കുളത്തെ കടയില്‍നിന്നാണ് താഹിറ ഐസ്‌ക്രീം വാങ്ങിയത്. ഇവിടെനിന്ന് ഐസ്‌ക്രീം വാങ്ങി കഴിച്ചവര്‍ക്ക് ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. ഇക്കാരണത്താലും റിഫായിയുടെ ശരീരത്തില്‍ അമോണിയയും ഫോസ്ഫറസും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതുമാണ് അന്വേഷണം താഹിറയിലേക്കു നീങ്ങാന്‍ ഇടയാക്കിയത്.

കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത താഹിറയെ മാനന്തവാടി വനിത ജയിലിലേക്ക് അയച്ചു. ഏപ്രില്‍ 17ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അഹമ്മദ് ഹസന്‍ റിഫായി മരിച്ചത്. [