വിഷവള്ളികള്‍ പടര്‍ന്നുകയറി വൃക്ഷങ്ങളെ ഉണക്കുന്നു; കോട്ടയില്‍ കാവ് സംരക്ഷിക്കണണെന്ന് മുചുകുന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്


മുചുകുന്ന്: അത്യ പൂര്‍വ്വ വൃക്ഷങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ മുചുകുന്ന് കോട്ടയില്‍ കാവിലെ വൃക്ഷങ്ങള്‍ക്കുമേല്‍ വിഷവള്ളികള്‍ പടര്‍ന്നു കയറിയത് വൃക്ഷങ്ങളുടെ നാശത്തിന് കാരണമാകുന്നു. ഒരു തരംമുള്‍ വള്ളിയുടെ ഇലകള്‍ സൂര്യപ്രകാശം തടയും വിധം വൃക്ഷങ്ങള്‍ക്കു മുകളില്‍ പടരുന്നത് ഈ കാവിലെ വൃക്ഷങ്ങള്‍ ഉണക്കിക്കളയുമെന്ന് പീച്ചി ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2010 ല്‍ ഇവിടെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. കാവു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അന്ന് വെട്ടിമാറ്റിയ വള്ളികളെല്ലാം വീണ്ടും പടര്‍ന്നു കയറി വൃക്ഷങ്ങളെ പൊതിഞ്ഞു നില്‍ക്കുകയാണ്.

ഇന്ത്യാ ഗവണ്‍മെന്റിന്റെ റെഡ് ഡാറ്റാ ബുക്കില്‍ രേഖപ്പെടുത്തിയ ഇരുമ്പകം അടക്കമുള്ള വൃക്ഷ സമ്പത്താണ് ഈ ്് ജൈവമേഖലയില്‍ ഭീഷണി നേരിടുന്നത്. വിഷവള്ളികള്‍ വെട്ടിമാറ്റി കാവിലെ വൃക്ഷങ്ങളെ അടിയന്തിരമായി സംരക്ഷിക്കണമെന്ന്, മുചുകുന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡിനും ക്ഷേത്രം കമ്മിറ്റിക്കും നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മാനേജര്‍ വയങ്ങോട്ട് സോമശേഖരന്‍, പ്രസിഡണ്ട് പുഷ്പാലയം അശോകന്‍, ട്രസ്റ്റി ബോര്‍ഡ് അംഗം കിഴക്കേടത്ത് ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് പരിഷത്ത് നിവേദനം ഏറ്റുവാങ്ങി. പ്രകൃതി സ്‌നേഹികളും ഭക്തജനങ്ങളും ഉള്‍പ്പെട്ട നാട്ടുകാരുടെ കമ്മറ്റി വിളിച്ചു ചേര്‍ത്ത് കാവു സംരക്ഷണ പ്രവര്‍ത്തനം നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. രവീന്ദ്രന്‍ തെക്കേടത്ത്, പ്രദീപന്‍ വി.കെ, രവി അനശ്വര, എ.ടി.രവി, നിഷിത ടി, പുഷ്പലത.കെ.എം എന്നിവര്‍ പങ്കെടുത്തു.