മുചുകുന്ന് ഗവ. കോളേജില്‍ എസ്.എഫ്.ഐ പയ്യോളി ഏരിയാ കമ്മിറ്റിയംഗത്തെ കെ.എസ്.യു നേതാവ് മര്‍ദ്ദിച്ചതായി പരാതി
കൊയിലാണ്ടി: എസ്.എഫ്.ഐ പയ്യോളി ഏരിയാ കമ്മിറ്റി അംഗത്തെ കെ.എസ്.യു നേതാവ് മര്‍ദ്ദിച്ചതായി ആരോപണം. മുചുകുന്ന് ഗവ. കോളേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് അദ്‌നാനെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയും രണ്ടാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥിയുമായ കാളിദാസന്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.
ക്യാമ്പസ്സില്‍ പരീക്ഷ എത്തിയപ്പോള്‍ ആയിരുന്നു ആക്രമണമെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പരീക്ഷയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്‌നാനെ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ചെവിയ്ക്കും തലയ്ക്കും പരിക്കേറ്റ് ആദ്യം മൂടാടിയില്‍ പ്രാഥമിക ചികിത്സക്കായി എത്തിക്കുകയും പിന്നീട് അവിടെ നിന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാഷ്ട്രീയമായ ആശയ തര്‍ക്കത്തിന്റെ ഒടുവില്‍ അദ്നാനെ ആക്രമിക്കുമെന്ന് വാട്‌സ് ആപ്പിലൂടെ കാളിദാസന്‍ ഭീഷണി മുഴക്കിയിരുന്നതായും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന ക്യാമ്പസ്സില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും പ്രകോപനങ്ങള്‍ ഉണ്ടാക്കുക വഴി എസ്.എഫ്.ഐയ്‌ക്കെതിരായ പൊതുബോധം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വ്വമായ ഇടപെടലാണിത്. എസ്.എന്‍.ഡി.പി കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് കെ.എസ്.യു മുചുകുന്ന് ഗവ. കോളേജിലും ഇടപെട്ടുകൊണ്ടിരിക്കുന്നത്. കെ.എസ്.യുവിന്റെ ഇത്തരം ഗൂഢ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പ്രതിരോധിക്കണമെന്ന് എസ്.എഫ്.ഐയുടെ പയ്യോളി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.