പേരാമ്പ്രയില്‍ സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് പിഴ: മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 14,700 രൂപ


പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളിന്റെ ബസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയെത്തിക്കുന്ന ബസ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയില്‍ ജാഥയ്ക്കായി ഉപയോഗിച്ചതിനാണ് നടപടി.

എ.എം.വി.ഐമാരായ നൂര്‍ മുഹമ്മദ്, ഷാന്‍ എസ് നാഥ് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ബസ് പാര്‍ട്ടി പരിപാടിക്ക് ഉപയോഗിച്ചത് സ്ഥിരീകരിച്ചിരുന്നു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബസാണെങ്കിലും വാഹനം പരാതിയില്‍ പറയുന്നപ്രകാരം സര്‍വീസ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പേരാമ്പ്ര ജോ.ആര്‍.ടി.ഒ. പി.പി രാജന്‍ നടപടി സ്വീകരിച്ചത്.

പെര്‍മിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി 3000 രൂപ പിഴയും കോണ്‍ട്രാക്ട് കാര്യേജ് നിരക്കില്‍ അധികനികുതിയായി 11,700 രൂപയും പിഴ ഈടാക്കി. യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ് നല്‍കിയ പരാതിയിലാണ് നടപടി.

സ്‌കൂള്‍ബസ് കേടായതിനാല്‍ വാടകയ്‌ക്കെടുത്ത ബസാണ് സ്‌കൂളിനുവേണ്ടി ഓടുന്നതെന്നാണ് സ്‌കൂള്‍അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. വാടക നല്‍കിയാണ് ബസ് വിളിച്ചതെന്ന് സി.പി.എം. നേതാക്കളും വ്യക്തമാക്കി. കുട്ടികളെ എത്തിക്കുന്ന ജോലികഴിഞ്ഞാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഓട്ടംപോകാമെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍, സ്‌കൂള്‍ബസ് എന്ന നിരക്കില്‍ കുറഞ്ഞനികുതിയാണ് ബസിന് അടച്ചിരുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി.

പരാതി ഉയര്‍ന്നതിനുശേഷം ബസ് ഇപ്പോള്‍ കുട്ടികളെ കൊണ്ടുപോകാന്‍ സ്‌കൂളില്‍ ഉപയോഗിക്കുന്നില്ല.

summary: Motor Vehicle Department fined Rs 14,700 for school bus that took people to Perampra CPM defense march