മൂടാടി പഞ്ചായത്ത് ഇനി ഔഷധശാലയാകും; കര്‍ഷക, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഔഷധ സസ്യകൃഷിക്ക് ആരംഭം


കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഔഷധ സസ്യകൃഷിക്ക് തുടക്കമായി. ബയോഡൈവേഴ്‌സിറ്റി-ഇക്കോ ടൂറിസം-കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് നൂറ് ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യകൃഷി ആരംഭിക്കുന്നത്. ചിറ്റരത്തയുടെ തൈ നട്ടുകൊണ്ട് ഔഷധ സസ്യകൃഷിയുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ നിര്‍വഹിച്ചു.

സംസ്ഥാന ഔഷധ്യ സസ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുചുകുന്നിലെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പഞ്ചായത്ത് പരിധിയിലെ വിവിധ ട്രസ്റ്റുകളുടെ കൈവശമുള്ള തരിശുഭൂമികള്‍ കൃഷിക്കായി ഉപയോഗപ്പെടുത്തും.

കൂടാതെ ഇടവിളയായും കൃഷി ചെയ്യുന്നുണ്ട്.കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പുകള്‍ എന്നിവരാണ് കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും, വര്‍ക്ക് ഷെഡ് നിര്‍മ്മാണമുള്‍പ്പെടെ പദ്ധതിയുടെ ഭാഗമാകും. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ സബ്‌സിഡി തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന തരത്തിലാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി അഖില അധ്യക്ഷത വഹിച്ചു. നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് സെക്രട്ടറി ടി ഗിരീഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം കെ.പി ലത, ആയുര്‍വേദ സഹകരണ സൊസൈറ്റി സെക്രട്ടറി റിജേഷ്, മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ രതീഷ് മൂടാടി, കൃഷി ഓഫീസര്‍ നൗഷാദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് സ്വാഗതവും കര്‍ഷക കൂട്ടായ്മ പ്രതിനിധി സജീന്ദ്രന്‍ നന്ദിയും പറഞ്ഞു.

summary: Moodadi panchayath will now become a medicinal village