എട്ടായിരം രൂപയും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് വീണുകിട്ടി; കെ.എസ്.ഇ.ബി ഓഫീസിന്റെ സഹായത്തോടെ ഉടമയ്ക്ക് തിരികെ നല്‍കി, മൂടാടിയിലെ ഭാസ്‌കരേട്ടന്റെ നല്ല മാതൃകയ്ക്ക് കയ്യടിക്കാം


കൊയിലാണ്ടി: വീണ് കിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി സത്യസന്ധതയുടെ നല്ല മാതൃക കാണിച്ച് മൂടാടി സ്വദേശി ഭാസ്‌കരന്‍. മൂടാടിയിലെ കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അദ്ദേഹം പേഴ്‌സിന്റെ ഉടമയെ കണ്ടെത്തി പേഴ്‌സ് തിരികെ നല്‍കിയത്.

വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. മൂടാടി ടൗണിലെ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്ത് വച്ചാണ് ഭാസ്‌കരന് പേഴ്‌സ് വീണ് കിട്ടിയത്. ഉടന്‍ അദ്ദേഹം കെ.എസ്.ഇ.ബി ഓഫീസിലെത്തി ജീവനക്കാരോട് കാര്യം പറയുകയും ഉടമയെ കണ്ടെത്തി പേഴ്‌സ് തിരിച്ചേല്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തുടര്‍ന്ന് പേഴ്‌സ് പരിശോധിച്ച കെ.എസ്.ഇ.ബി ജീവനക്കാര്‍ അതിലെ രേഖകളില്‍ നിന്ന് പേഴ്‌സിന്റെ ഉടമയെ തിരിച്ചറിഞ്ഞു. സില്‍ക്ക് ബസാര്‍ സ്വദേശി അശോകന്റെ പേഴ്‌സായിരുന്നു വീണു പോയത്. കെ.എസ്.ഇ.ബി ഓഫീസിൽ അശോകനെ പരിചയമുള്ള ചില ജീവനക്കാർ ഉണ്ടായിരുന്നു. അവർ ഉടൻ അദ്ദേഹത്തെ ബന്ധപ്പെട്ടു.

തുടർന്ന് അശോകൻ ഉടന്‍ ഓഫീസിലെത്തി. ഓഫീസില്‍ നിന്ന് പോയ ഭാസ്‌കരനെയും ജീവനക്കാര്‍ കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസില്‍ വച്ച് ഭാസ്‌കരന്‍ തന്നെ പേഴ്‌സ് അശോകന് കൈമാറി. എട്ടായിരം രൂപയും വിലപ്പെട്ട രേഖകളുമാണ് പേഴ്സിലുണ്ടായിരുന്നത്.

ബാങ്കില്‍ പോകാനായി മൂടാടിയിലെത്തിയപ്പോഴാണ് പേഴ്‌സ് വീണ് പോയതെന്ന് അശോകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് പേഴ്‌സ് വീണുപോയത്. അപ്പോള്‍ അത് ശ്രദ്ധയില്‍ പെട്ടില്ല. പേഴ്‌സിലുണ്ടായിരുന്ന എട്ടായിരം രൂപ നാട്ടിലെ കുറിയുടെ പണമായിരുന്നു. അത് പോയിരുന്നെങ്കില്‍ കയ്യില്‍ നിന്ന് എടുത്ത് കൊടുക്കേണ്ടി വരുമായിരുന്നു. ഭാസ്‌കരന്‍ ഉള്ളത് കൊണ്ടാണ് ആ പണം എനിക്ക് നഷ്ടപ്പെടാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.