മാലിന്യ ശേഖരണത്തില്‍ മൂടാടി ഗ്രാമപഞ്ചായത്ത് മാതൃക; മിനി എംസിഎഫുകള്‍ ഇനി തൊഴിലുറപ്പില്‍ നിര്‍മ്മിക്കാം, സര്‍ക്കാര്‍ ഉത്തരവിറക്കി
മൂടാടി: മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും സംസ്ഥാനം വളരെയേറെ മുന്നേറിയിരിക്കുകയാണ്. എങ്കിലും ഹരിത കര്‍മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ വഴിയരികില്‍ കൂട്ടിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരമാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ ആശയം.
മിനി എംസിഎഫുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നും ഇതിന്റ വലുപ്പം ഗ്രാമപഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാന്‍ അനുവാദം നല്‍കണമെന്നുമുള്ള മൂടാടി ഗ്രാമപഞ്ചായത്തിന്റെ നിര്‍ദേശമാണ് സര്‍ക്കാര്‍ അംഗീകരിച്ചു പൊതു ഉത്തരവായി ഇറക്കിയിരിക്കുന്നത്.
ശേഖരിച്ച മാലിന്യം റോഡരികില്‍ കൂട്ടിയിടുമ്പോള്‍ മാലിന്യ കൂമ്പാരത്തിന് അടുത്ത് തെരുവ് നായകള്‍ കേന്ദ്രീകരിക്കുന്നതും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ശേഖരിക്കുന്ന മാലിന്യം അതാത് ദിവസം തന്നെ പ്രധാന എംസിഎഫ് കേന്ദ്രത്തിലേക്ക് മാറ്റാന്‍ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇതിനെല്ലാം ശാശ്വത പരിഹാരമാവുകയാണ് പുതിയ ഉത്തരവിലൂടെ.
നിലവില്‍ ഗ്രാമപഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിശ്ചിത അളവിലുള്ള ചെറിയ ബോട്ടില്‍ ശേഖരണ സംവിധാനങ്ങള്‍ മാത്രമേ നിര്‍മിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇത്തരത്തിലുള്ളവയില്‍ പ്‌ളാസ്റ്റിക് ബോട്ടിലുകള്‍ തന്നെ ഉള്‍കൊള്ളിക്കാന്‍ കഴിയാറില്ല. അല്പം വലുത് നിര്‍മിക്കണമെങ്കില്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിക്കേണ്ട സ്ഥിതിയുമാണ്. മറ്റു നിരവധി ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കേണ്ടതിനാല്‍ വാര്‍ഡ് തലങ്ങളില്‍ മിനി എംസിഎഫുകള്‍ നിര്‍മ്മിക്കുവാന്‍ പദ്ധതി വിഹിതം തികയാറുമില്ല.
ഈ അവസരത്തിലാണ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍, സെക്രട്ടറി എം ഗിരീഷ്, നോഡല്‍ ഓഫീസര്‍ ടി ഗിരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 6ന് കോഴിക്കോട് നടന്ന തദ്ദേശ അദാലത്തില്‍ വകുപ്പ് മന്ത്രി എം ബി രാജേഷ് മുന്‍പാകെ നിര്‍ദേശം സമര്‍പ്പിക്കുന്നത്. മിനി എംസിഎഫുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നും, ഇതിന്റ വലുപ്പം പഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാന്‍ അനുവാദം നല്‍കണം എന്നതായിരുന്നു നിര്‍ദേശത്തിന്റെ ഉള്ളടക്കം.
വിഷയം വിശദമായി കേട്ട മന്ത്രി വിവിധ വകുപ്പ് മേധാവികളുമായി ചര്‍ച്ച ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്തിന്റെആശയം മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകള്‍ക്കും ഗുണകരമാവുന്ന വിധത്തില്‍ പൊതു ഉത്തരവായി ഇറക്കാമെന്ന് വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സര്‍ക്കാര്‍ തലത്തിലുള്ള നിരന്തര ഇടപെടലുകളും കൂടിയാലോചനകള്‍ക്കും ശേഷം കഴിഞ്ഞ മാസം 29 ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇനി മുതല്‍ ഓരോ വാര്‍ഡിലും ഹരിത കര്‍മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കളുടെ അളവ് കണക്കാക്കി അവശ്യത്തിന് മിനി എംസിഎഫ് കള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം സൂക്ഷിക്കാന്‍ കഴിയും. എംസിഎഫുകളില്‍ അമിതമായ പാഴ് വസ്തു കൂമ്പാരങ്ങള്‍ ഒഴിവാകും. തൊഴിലുറപ്പ് പദ്ധതിയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കാനും സര്‍ക്കാര്‍ ഉത്തരവ് ഉപകരിക്കും.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കാകെ സഹായകമാകുന്ന ആശയം പങ്കുവെച്ച് അത് സര്‍ക്കാര്‍ ഉത്തരവായിറങ്ങിയ സന്തോഷത്തിലാണ് മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് എല്ലാ വാര്‍ഡിലും മിനി എംസിഎഫ് നിര്‍മ്മിക്കും. ഇതുവഴി മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് പുതിയ വേഗം കൈവരിക്കാന്‍ കഴിയും. ഉത്തരവിറക്കിയ മന്ത്രിക്കും ഇതിനായി പരിശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നതായി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ പറഞ്ഞു.