വരുന്നത് സാധാരണയേക്കാൾ കൂടുതൽ ശക്തിയോടെ; കേരളത്തിൽ കാലവർഷം വെള്ളിയാഴ്ച എത്തും, ജൂണിൽ മഴ കനക്കും
തിരുവനന്തപുരം: രാജ്യത്ത് പൊതുവിൽ കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലും അധികമഴ ഉറപ്പാണെന്നു കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപത്ര ഓൺലൈൻ മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി. ജൂണിൽ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ പതിവിലും കൂടുതൽ മഴ പ്രതീക്ഷിക്കാം. ഇതു കേരളത്തിനുള്ള മുന്നറിയിപ്പാണെന്നു മഹാപത്ര സൂചിപ്പിച്ചു.
റുമാൽ ചുഴലിക്കാറ്റ് മൺസൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസത്തിനകം തെക്കു പടിഞ്ഞാറൻ കാലവർഷം പതിവുപോലെ കേരളത്തിൽ എത്തും. 31ന് കേരളത്തിൽ കാലവർഷം എത്തുമെന്ന് ഏപ്രിലിൽ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും.
രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂൺ മുതൽ സെപ്തംബര്‍ വരെയുള്ള മഴ സാധ്യതാ കണക്കാണിത്. അതേസമയം ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പക്ഷെ, മഴ 94 ശതമാനത്തിന് താഴെയായി കുറയും.