ബാങ്ക് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി അടുത്തുകൂടി, ഒരുലക്ഷത്തിലേറെ രൂപ പാസായെന്ന കഥമെനഞ്ഞ് പണംതട്ടാന്‍ ശ്രമം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ നടന്ന തട്ടിപ്പ് ശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ചിങ്ങപുരം സ്വദേശി


കൊയിലാണ്ടി: ബാങ്ക് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍വെച്ച് ചിങ്ങപുരം സ്വദേശിയെ വഞ്ചിച്ച് പണം കൈക്കലാക്കാന്‍ ശ്രമിച്ചതായി ആരോപണം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. നാരായണനുമായി ഇയാള്‍ സംസാരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചിങ്ങപുരം സ്വദേശി തച്ചിലേരി നാരായണനെയാണ് തട്ടിപ്പുകാരന്‍ സമീപിച്ചത്. മരുമകള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു നാരായണന്‍. ആശുപത്രി മുറ്റത്തുനില്‍ക്കവെ ഒരു ചെറുപ്പക്കാരന്‍ തന്നെ സമീപിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. മകളെ വിവാഹം കഴിച്ച ആളുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഇയാള്‍ അടുത്തുകൂടിയത്. സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരനാണെന്നും താങ്കളുടെ വീട്ടില്‍ വന്നിട്ടുണ്ട് എന്നും പറഞ്ഞു.

താങ്കള്‍ക്ക് മോദിയുടെ പണം ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നാരായണന്‍ അതെയെന്ന് പറഞ്ഞു. എന്നാല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പാസായിട്ടുണ്ടെന്നും ഫോം പൂരിപ്പിച്ച് നല്‍കണമെന്നും പറഞ്ഞു. തുടര്‍ന്നാണ് നാരായണനോട് പണം ആവശ്യപ്പെട്ടത്.

സംശയം തോന്നിയ നാരായണന്‍ മകളുടെ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇങ്ങനെ ഒരാളെ പരിചയമില്ലെന്നും പണം നല്‍കരുതെന്നും നാരായണനോട് മരുമകന്‍ പറഞ്ഞു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വേറെ ആര്‍ക്കെങ്കിലും കൊടുക്കാം എന്ന് പറഞ്ഞ് ഇയാള്‍ കടന്നുകളയുകയായിരുന്നു.