തലശേരിയില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു; മുറിയില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി
തലശേരി: ആറാം മൈലില്‍ മൊബൈല്‍ ചാര്‍ജ്ജര്‍ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി കത്തി നശിച്ചു. എം.എ. മന്‍സില്‍ മശൂദിന്റെ വീട്ടിലാണ് അപകടം നടന്നത്. മുറിയിലെ ഫര്‍ണീച്ചറുകള്‍ മുഴുവനായി കത്തി നശിക്കുകയും മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകള്‍ കരിയുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് മശൂദിന്റെ അളിയന്റെ മകന്‍ വീട്ടിലേക്ക് വരുമ്പോഴാണ് വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ശക്തമായ ചൂടും തീയുമായതിനാല്‍ ഇവര്‍ക്ക് മുറിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് കൂത്തുപറമ്പ് ഫയര്‍ഫേഴ്‌സെത്തിയാണ് തീയണച്ചത്. മൊബൈല്‍ ചാര്‍ജ്ജ് ചെയ്തതിന് ശേഷം പ്ലഗ് ഓഫാക്കാന്‍ മറന്നതാണ് അപകടകാരണമെന്നാണ് നിഗമനം. മുറിയില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
വിലകുറഞ്ഞ ചൈന നിര്‍മ്മിത ചാര്‍ജറുകള്‍ ഉപയോഗിക്കരുതെന്നും ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ചാര്‍ജര്‍ പ്ലഗില്‍ നിന്നും ഊരിവയ്ക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.