എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ ടെറസില്‍ ഒരുക്കിയത് നിരവധി പച്ചക്കറികള്‍; ജി.വി.എച്ച്.എസ് സ്‌കൂള്‍ ഹരിതം ടെറസ് ഫാമിംഗ് ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി


കൊയിലാണ്ടി: നാഷണല്‍ സര്‍വീസ് സ്‌കീം ഹരിതം പദ്ധതിയുടെ ഭാഗമായുള്ള ടെറസ് ഫാമിംഗ് ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. ജില്ലാതല ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. ജിവിഎച്ച്എസ്എസ് സ്‌കൂളിന്റെ ടെറസില്‍ 120 മണ്‍ചട്ടികളിലും 150 ഗ്രോ ബാഗുകളിലുമായി പച്ചമുളക്, വെണ്ടയ്ക്ക, തക്കാളി ,കോളിഫ്‌ലവര്‍, പടവലം, ചീര ,കക്കിരി, പാവയ്ക്ക എന്നീ പച്ചക്കറികളാണ് വിദ്യാര്‍ത്ഥികള്‍ സമൃദ്ധമായി വിളയിച്ചത്.

കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയിലൂടെയാണ് മുന്നു വര്‍ഷമായി എന്‍എസ്എസ് ക്യാമ്പിലേക്കുള്ള പച്ചക്കറികള്‍ വിദ്യാര്‍ഥികള്‍ സംഭരിക്കുന്നത്. ഇതു കൂടാതെ 13 സെന്റില്‍ കപ്പ കൃഷിയും അവര്‍നടത്തിവരുന്നു.
കൊയിലാണ്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റീജണല്‍ പ്രോഗ്രാം ഓഫീസര്‍ എസ് ശ്രീചിത്ത്, എന്‍എസ്എസ് കൊയിലാണ്ടി ക്ലസ്റ്റര്‍ കണ്‍വീനര്‍ അനില്‍കുമാര്‍ കെ.പി കൃഷിവകുപ്പ് അസിസ്റ്റന്റ് ഓഫീസര്‍ പി. വിദ്യ, പ്രിന്‍സിപ്പല്‍ എന്‍.വി പ്രദീപ്കുമാര്‍, പ്രോഗ്രാം ഓഫീസര്‍ നിഷിദ എന്‍.കെ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് അഷ്‌റഫ് കെ. സ്വാഗതവും എന്‍.എസ.്എസ് വളണ്ടിയര്‍ അര്‍ജുന്‍ കെ. നന്ദി പറഞ്ഞു.