വടകരയിലെ ‘ കാഫിര്‍’പരാമര്‍ശം നടത്തിയവരെ കണ്ടെത്തണം; വടകര എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി യുഡിവൈഎഫ്
വടകര: മാര്‍ക്സിറ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്സ് സംഘികള്‍ എന്നാക്കണമെന്ന് എം.കെ മുനീര്‍ എംഎല്‍എ. വടകരയില്‍ കാഫിര്‍ പരാമശം നടത്തിയവര്‍ക്കെതിരെ കണ്ടത്തണമെന്നാവശ്യപ്പെട്ട് വടകര എസ്പി ഓഫീസിലേക്ക് യുഡിവൈഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകരയിലെ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനം അട്ടിമറിക്കുകയും വര്‍ഗീയ ധ്രുവീകരണം നടത്തുകയുമാണ് സിപിഐഎം ചെയ്യുന്നത്. കാഫിര്‍ പ്രയോഗം സിപിഐഎമ്മിന്റെ പുതിയ തന്ത്രമാണെന്നും, യുഡിഎഫിന് വര്‍ഗീയ പ്രചാരണം നടത്തേണ്ട ആവശ്യം ഇല്ലെന്നും മുനീര്‍ പറഞ്ഞു.
തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്. വടകരയില്‍ ഷാഫിക്കെതിരെ എല്‍.ഡി.എഫ് നടത്തിയത് ആശാസ്യകരമല്ലാത്ത പ്രചാരണമാണ്. കാഫിര്‍ വിവാദ ആരോപണം വന്നപ്പോള്‍ തന്നെ അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് സൈബര്‍ വിങ്ങിനെ പോലീസ് തീറ്റിപ്പോറ്റുന്നത് ? ഒരാഴ്ചയ്ക്കകം കാഫിര്‍ പ്രചരണം നടത്തിയവരെ പോലീസ് കണ്ടെത്തണം. ഇല്ലെങ്കില്‍ കേരളീയ പൊതുസമൂഹത്തോട് പോലീസിന് മറുപടി പറയേണ്ടി വരുമെന്നും മുനീര്‍ പറഞ്ഞു.