പാലക്കാട് പൊലീസ് ക്യാമ്പിനു പിറകില്‍ രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍
പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ കാണാതായ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല.
വയലില്‍ രണ്ടിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ക്യാമ്പിന് പിന്നിലുള്ള വിജനമായ പ്രദേശമാണിത്. ഷോക്കേറ്റുള്ള മരണമാണിതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാധ്യതകളില്ല. അതിനാല്‍ മരണത്തില്‍ ദുരൂഹത കൂട്ടുന്നു.
കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാതായിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ഇവരെ കാണാതായത് മുതല്‍ ഹേമാംബിക നഗര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. വയലുമായി വേര്‍തിരിക്കുന്ന ക്യാമ്പില്‍ ഉയരത്തിലുള്ള സംരക്ഷണ മതിലുണ്ട്. അതുകൊണ്ടുതന്നെ പൊലീസുകാര്‍ ഇവിടെ എത്താന്‍ സാധ്യതയില്ല. മറ്റെവിടെങ്കിലും വെച്ച് അപായപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്.
സംഭവത്തില്‍ പോലീസും വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.