മഴ പെയ്താൽ ഒറ്റപ്പെടുന്നത് 150 ഓളം കുടുംബങ്ങൾ, വഴിയാകെ കാൽനട പോലും അസാധ്യമാകും വിധം ചെളി; കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണം കാരണം ദുരിതത്തിലായി മരളൂരിലെ ജനങ്ങൾ


കൊയിലാണ്ടി: നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നീളുന്ന കൊയിലാണ്ടി ബൈപ്പാസിന്റെ നിർമ്മാണത്തെ തുടർന്ന് ദുരിതത്തിലായി മരളൂർ പ്രദേശത്തെ ജനങ്ങൾ. മഴ പെയ്യുന്നതോടെ കാൽനട പോലും അസാധ്യമാകും വിധം ചെളി രൂപപ്പെടുന്നതോടെ പ്രദേശമാകെ ഒറ്റപ്പെട്ട അവസ്ഥയാണ്.

150-ഓളം കുടുംബങ്ങളാണ് മരളൂർ പ്രദേശത്ത് റെയിലിനും ബൈപ്പാസിനും ഇടയിൽ താമസിക്കുന്നത്. വാഹനങ്ങൾ പോകാൻ പറ്റാത്തവിധം ഇവിടെ റോഡിൽ ചെളിനിറഞ്ഞ അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾ ചെളിയിൽ തെന്നി വീണ് യാത്രക്കാർക്ക് ഗുരുതര പരുക്കേൽക്കുന്നതും നിത്യസംഭവമാണ്.

നിരവധി തവണ പരാതി പറഞ്ഞിട്ടും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രദേശത്തുള്ള അസുഖ ബാധിതർക്കും അംഗപരിമിതർക്കും പുറത്ത് പോകാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ.

ബൈപ്പാസ് നിർമ്മിക്കുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ പനച്ചികുന്ന് റോഡിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചാൽ ദുരിതയാത്രക്ക് പരിഹാരമാകും. ഇതിന് അധികാരികളുടെ കനിവ് കാത്ത് കഴിയുകയാണ് നാട്ടുകാർ.

പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മരളൂർ ബഹുജന കൂട്ടായ്മയുടെ ചെയർപേഴ്സൺ എൻ.ടി.രാജീവനും കൺവീനർ ഉണ്ണികൃഷ്ണൻ മരളൂരും ആവശ്യപ്പെട്ടു.