ഫുട്പാത്ത്, റോഡ്, കിണര്‍ നിര്‍മ്മാണം എന്നിങ്ങനെ കോട്ടക്കുന്ന് നഗറില്‍ നടപ്പിലാക്കുന്നത് ഒരുകോടിയുടെ അംബേദ്കര്‍ വികസന പദ്ധതി; എല്ലാവിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിച്ചുള്ള സുസ്ഥിര വികസനമാണ് ലക്ഷ്യമെന്ന് മന്ത്രി ഒ.ആര്‍ കേളു
പയ്യോളി: അവശത അനുഭവിക്കുന്ന ദരിദ്ര വിഭാഗം, വിദ്യാസമ്പന്നരായ അഭ്യസ്ത വിദ്യര്‍, സംരംഭങ്ങളിലേര്‍പ്പെടുന്ന യുവസമൂഹം തുടങ്ങി എല്ലാവിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിച്ച് സമഗ്രവും നൂതനവുമായ സുസ്ഥിര പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക വികസനവകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. കേരള സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഒരു കോടി രൂപയുടെ അംബേദ്കര്‍ വികസന പദ്ധതി മേലടി ബ്ലോക്കിലെ കോട്ടക്കുന്ന് നഗറില്‍ സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന നഗറുകള്‍ കേന്ദ്രീകരിച്ച പൂര്‍ണ്ണ വികസനം ഉറപ്പുവരുത്തുകയും പട്ടികജാതി വിഭാഗം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. പ്രളയം, കോവിഡ്, നിപ്പ, ചൂരല്‍മല തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് കാലത്തിനൊപ്പം സഞ്ചരിച്ചു. കാലത്തിനൊപ്പം മുന്നേറുന്നതിനായി കേരളത്തിന്റെ മാനവ വിഭവശേഷി വര്‍ധിപ്പിക്കുന്നതിനായി അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടക്കുന്ന് നാല് സെന്റ് നഗര്‍ ഫുട്പാത്ത്, ലക്ഷം വീട് നഗര്‍ ഫുട്പാത്ത്, കിളച്ച പറമ്പ് റോഡ് ഫുട്പാത്ത്, കോട്ടപ്പറമ്പ് പെരിങ്ങാട് റോഡ്, കോട്ടപ്പറമ്പ് പുത്തന്‍ പുരയില്‍ റോഡ്, കോട്ടക്കുന്ന് ലക്ഷം വീട് നഗര്‍ – കിണര്‍ പുനരുദ്ധാരണം, കിളച്ചപ്പറമ്പ് നഗര്‍- കുഴല്‍ കിണര്‍ നിര്‍മ്മാണം, കോട്ടക്കുന്ന് അംഗന്‍വാടി മുറ്റം ഉപയോഗപ്പെടുത്തി വയോജനങ്ങള്‍ക്കുള്ള ഇരിപ്പിടവും വിശ്രമ കേന്ദ്രവും, സ്ട്രീറ്റ് ലൈറ്റ് മൂന്ന് എണ്ണം തുടങ്ങി സമഗ്ര വികസനമാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം കോട്ടക്കുന്ന് നഗറില്‍ ഒരു കോടി ചിലവില്‍ നടപ്പിലാക്കിയത്.
ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.പി.ഷാജി, കെല്‍ മാനേജര്‍ കെ.അബ്ദുറഹിമാന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളിവളപ്പില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മഹിജ എടോടി, അഷ്‌റഫ് കോട്ടക്കല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ഷാജി, എ.രാജന്‍, മത്തത്ത് സുരേന്ദ്രന്‍, കെ.കെ.ഹമീദ്, കെ.പി.രവീന്ദ്രന്‍, പി.പി.മോഹന്‍ദാസ്, കെ.കെകണ്ണന്‍, രമ്യകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.സ്മിതേഷ് സ്വാഗതവും ബ്ലോക്ക് എസ്.ഡി.ഒ അസീസ്.ടി നന്ദിയും പറഞ്ഞു.