‘ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കും’; കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത്‌ മന്ത്രി എം ബി രാജേഷ്


കോഴിക്കോട്‌: ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മെഡിക്കല്‍ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഇത്തരത്തിലുളള മലിനജല സംസ്‌കരണ പ്ലാന്റുകള്‍ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വേണമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച ഒരു ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ടാമത്തെ മലിനജല സംസ്‌ക്കരണ പ്ലാന്റാണ് ഉദ്ഘാടനം ചെയ്തത്.

ജനങ്ങള്‍ മലിനജല സംസ്‌കരണ പ്ലാന്റിന് എതിരായല്ല, പ്ലാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യേണ്ടത്. ഖരമാലിന്യ സംസ്‌കരണവും ദ്രവമാലിന്യ സംസ്‌കരണവും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്ന മേഖലയാണ്. നിയമലംഘനങ്ങള്‍ക്കെതിരെ നിയമ നടപടി കര്‍ശനമായി നടപ്പാക്കും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ഈടാക്കും. ജലം മലിനമാക്കുന്നവര്‍ക്കെതിരെ ഒരു ലക്ഷം പിഴ കൂടാതെ ഒരു വര്‍ഷം വരെ തടവ് ലഭിക്കുന്ന രീതിയില്‍ നിയമം കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ അനിവാര്യമാണ്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ ചില എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. പ്ലാന്റുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് തെറ്റിദ്ധാരണകൊണ്ട് മാത്രമാണെന്നും എതിര്‍പ്പുകള്‍ കര്‍ശനമായി നേരിട്ട് ആശങ്കകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

നേഴ്‌സിങ് കോളേജിന് സമീപം പ്രവര്‍ത്തനസജ്ജമായ പ്ലാന്റില്‍ ഡെന്റല്‍ കോളേജ്, നേഴ്‌സിങ് കോളേജ്, പേ വാര്‍ഡ്, നേഴ്‌സിങ് ഹോസ്റ്റല്‍, ലെക്ചര്‍ കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യമാണ് സംസ്‌ക്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രോലിറ്റിക് ടെക്‌നോളജി ഉപയോഗിച്ച് ദ്രവമാലിന്യം സംസ്‌കരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.

ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ആശംസ അറിയിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ യു ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ ഡോ. എസ് ജയശ്രീ, പി സി രാജന്‍, ഒ പി ഷിജിന, പി ദിവാകരന്‍, പി കെ നാസര്‍, സി രേഖ, കൗണ്‍സിലര്‍മാര്‍, അമൃത് മിഷന്‍ ഡയറക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദിലീപ്, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് സ്വാഗതവും എംസിഎച്ച് പ്രിന്‍സിപ്പല്‍ ഡോ. എന്‍ അശോകന്‍ നന്ദിയും പറഞ്ഞു.