‘മില്ലറ്റുകളുടെ ഉപയോഗം പരമാവധി പ്രചരിപ്പിക്കണം’; മില്ലറ്റ് മിഷൻ കേരള കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് എം.എൽ.എ


കൊയിലാണ്ടി: മില്ലറ്റ് മിഷൻ കേരള കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ബാലൻ അമ്പാടി മുഖ്യാതിഥിയായി.

ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടിവരുന്ന നമ്മുടെ സമൂഹത്തിന് അനുഗ്രഹമാണ് മില്ലറ്റുകൾ എന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു. മില്ലറ്റുകളുടെ ഉപയോഗം പരമാവധി പ്രചരിപ്പിക്കേണ്ടതുണ്ട് എന്നും അവർ പറഞ്ഞു.

‘മില്ലറ്റും മില്ലറ്റ് കൃഷിയും’ എന്ന വിഷയത്തിൽ ഉണ്ണികൃഷ്ണൻ പേരാമ്പ്ര ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സെഡ്.എ.സൽമാൻ, ട്രഷറർ സനേഷ് കുമാർ, ബേബി ഗീത, രാധാകൃഷ്ണൻ ചെറുവറ്റ, ഹമീദ് പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് പരിധിയിലെ രണ്ട് മുനിസിപ്പാലിറ്റികളിലും 18 ഗ്രാമപഞ്ചായത്തുകളിലും കൃഷി കൂട്ടങ്ങൾ രൂപീകരിച്ചു.

താലൂക്ക് കമ്മിറ്റി ഭാരവാഹികളായി രാധാകൃഷ്ണൻ ചെറുവറ്റ (പ്രസിഡന്റ്), ഡോ. ബിനു ശങ്കർ, സതീശൻ ചേമഞ്ചേരി, എം.അരുണിമ (വൈസ് പ്രസിഡന്റുമാർ), കെ.എം.സുരേഷ് ബാബു (സെക്രട്ടറി), പി.ടി.തോമസ്, മിനി ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), ഹമീദ് പുതുശ്ശേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

താലൂക്ക് കമ്മിറ്റി ഓഫീസായി നാച്ചുറൽ ഹീലിങ് സെന്ററിനെ നിശ്ചയിച്ചു. ഒക്ടോബർ രണ്ടിന് മുഴുവൻ കൃഷി കൂട്ടങ്ങളുടെയും നേതൃത്വത്തിൽ മില്ലറ്റ് കൃഷി ആരംഭിക്കും. അതിനു മുമ്പായി മണ്ണൊരുക്കം, വളപ്രയോഗം തുടങ്ങിയവയും നടത്തും. ഇതിന് ആവശ്യമായ പരിശീലനങ്ങൾ മില്ലറ്റ് മിഷൻ കർഷകർക്ക് നൽകും.