പാലില്‍ മായം; കേരളത്തിലേക്ക് കൊണ്ടുവന്ന 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയതായി കണ്ടെത്തി


കൊല്ലം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയതായി കണ്ടെത്തി. 15300 ലിറ്റര്‍ പാലാണ് പോലീസ് പിടികൂടിയത്. ടാങ്കറില്‍ കൊണ്ടുവന്ന പാല്‍ ആര്യങ്കാവ് ചെക്ക് പോസറ്റിന് സമീപത്ത് നിന്നാണ് കൈയ്യോടെ പിടിച്ചത്.

പുലര്‍ച്ചെ 5.30 ഓടെ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ക്ഷീര സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്ന് പത്തനംതിട്ടയിലെ പന്തളം ഭാഗത്തേക്ക് പാല്‍ കൊണ്ടുവരുകയായിരുന്നു.

ആരോഗ്യ വകുപ്പ് എത്തി പരിശോധന നടത്തിയതിന്റെ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. പാല്‍ ഏറെ നാളത്തേയ്ക്ക് കേട് വരാതെ സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഹൈഡ്രജന്‍ പെറോക്സൈഡ് മായം കലര്‍ത്തിയെന്ന് വ്യക്തമാക്കുന്നു.

റെയ്ഡില്‍ പിടികൂടിയ പാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആര്യങ്കാവ് സേറ്റഷനിലേക്ക് കൊണ്ടുപോയി. കൂടാതെ, മായം കലര്‍ത്തിയ പാല്‍ ആരോഗ്യവകുപ്പിന് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.