‘കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ്’; ജീവന് ഭീഷണിയുണ്ടെന്നും പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തോടെ ജീവന് ഭീഷണിയുള്ളതായി പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും കനകദാസ് ആരോപിച്ചു.

തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതു സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പുമുണ്ട്. കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണെന്നാണ് കനകദാസ് പറയുന്നത്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഭയം തോന്നുന്നുണ്ടെന്നും പറഞ്ഞു.

താന്‍ സംഘിയല്ല കൂടുതല്‍ അടുപ്പം സി.പി.എം നേതാക്കളുമായാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അടക്കം പരിപാടി അവതരിപ്പിച്ചിട്ടുള്ളതായും കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഭയമില്ലെന്നും എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടായിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ.ിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തില്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലീം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ച ഭാഗമാണ് വിവാദമായത്.