പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാറിന്റെ സ്നേഹ മധുരം മിലാദ് ചായ 


കൊയിലാണ്ടി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പാറപ്പള്ളി മർകസ് മാലിക് ദീനാർ നടത്തിയ ‘മിലാദ് ചായ’ ശ്രദ്ധേയമായി. മിസ്കുൽ മദീന റബീഅ് കാമ്പയിനിന്റെ ഭാഗമായിട്ടാണ് അന്നബഅ് സ്റ്റുഡന്റ് യൂണിയൻ കൊല്ലം അങ്ങാടിയിൽ സൗഹൃദ ചായ സംഘടിപ്പിച്ചത്.

വിവിധ മത-സാമൂഹ്യ-രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകർ സംബന്ധിച്ച സൗഹൃദ സംഗമം
കൊയിലാണ്ടി എസ് ഐ അനൂപ് ഉദ്ഘാടനം ചെയ്തു. മർകസ് മാലിക് ദീനാർ മാനേജർ ഇസ്സുദ്ദീൻ സഖാഫി അധ്യക്ഷനായി.

സയ്യിദ് സൈൻ ബാഫഖി, ഹസീബ് സഖാഫി കൊണ്ടോട്ടി, യൂനുസ് സഖാഫി കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. റബീഅ് ക്യാമ്പെയിനിന്റെ ഭാഗമായി ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിപുലമായ പദ്ധതികളാണ് മർകസ് മാലിക് ദീനാറിനു കീഴിൽ ആവിഷ്കരിച്ചിരിക്കുന്നത്.

മിലാദ് വിളംബര റാലി, നാട്ടുമൗലിദ്, സ്നേഹ പ്രഭാഷണങ്ങൾ, കവല പ്രസംഗം, മജ്ലിസുൽ വിദാദ് ആത്മീയ സംഗമം തുടങ്ങിയവ ക്യാമ്പെയിനിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും.