താമരശ്ശേരിയിലെ ബാര്‍ബര്‍ ഷോപ്പിലെ തമ്മിലടി ചെന്നെത്തിയത് ഉത്തര്‍പ്രദേശ് വരെ; ജോലിക്കുനിന്നയാള്‍ ഷോപ്പിലെ കത്രികയെടുത്ത് ഉടമയെ കുത്തി, കട പൂട്ടി പൊലീസ്


താമരശ്ശേരി: താമരശ്ശേരിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തുടങ്ങിയ വഴക്ക് നീണ്ടത് ഉത്തര്‍പ്രദേശിലെ മുറാദാബാദ് വരെ. താമരശ്ശേരിയില്‍ ജോലി ചെയ്യുന്ന യു.പി സ്വദേശികളായ രണ്ടുപേരാണ് വഴക്കിന് പിന്നില്‍.

ഉത്തര്‍ പ്രദേശിലെ മുറാദാബാദ് സ്വദേശികളായ മുഹമ്മദ് റാഷിദും ഹഫീമും തമ്മിലാണ് താമരശ്ശേരിവെച്ച് അടിയുണ്ടായത്. ചുങ്കത്ത് നിഷ എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് റാഷിദ്. ഹഫീം നേരത്തെ ഇവിടെ ജോലി ചെയ്തിരുന്നു.

റാഷിദിന്റെ ഷോപ്പില്‍ ജോലി ചെയ്ത വകയില്‍ തനിക്ക് ലഭിക്കാനുള്ള 9000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ ഹഫീം ബാര്‍ബര്‍ ഷോപ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം കൈയ്യാങ്കളിയിലെത്തുകയും പിന്നീട് മേശയുടെ മുകളില്‍ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹഫീം തന്നെ കുത്തുകയുമായിരുന്നു എന്നാണ് റാഷിദ് പറയുന്നത്.

കുത്താനുള്ള ശ്രമം കൈകൊണ്ട് തടഞ്ഞതിനാല്‍ കൈക്കാണ് കുത്തേറ്റത്. റാഷിദ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തിനിടെ ഹഫീമിനും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇയാള്‍ ഇതുവരെ ചികിത്സ തേടിയിട്ടില്ല.

ഇതെങ്ങനെയാണ് യു.പിയിലേക്ക് എത്തിയതെന്നറിയണ്ടേ. ഇരുവരും തമ്മില്‍ നാട്ടില്‍വെച്ച് വഴക്കുണ്ടാക്കിയപ്പോള്‍ മുറാദാബാദിലെ ബന്ധുക്കളും വിട്ടുകൊടുത്തില്ല. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ കേരളത്തിലെ അടിയെ ചൊല്ലി ഉത്തര്‍പ്രദേശില്‍ തമ്മിലടിക്കുകയായിരുന്നു.

താമരശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബാര്‍ബര്‍ ഷോപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.