പണിമുടക്കിൽ കടതുറന്നു; കൊയിലാണ്ടിയിൽ വ്യാപാര വ്യവസായ പ്രസിഡന്റ്റിനു നേരെ നായ്ക്കുരണ പൊടി വിതറി
കൊയിലാണ്ടി: പണിമുടക്ക് ദിനത്തിൽ കട തുറന്നു, കൊയിലാണ്ടിയിൽ വ്യാപാരിക്കു നേരെ നായ്ക്കുരണ പൊടി വിതറി. കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ അഹ്വാനം ചെയ്ത പൊതു പണിമുടക്കിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് ആക്രമിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും പൂജാ സ്റ്റോർ ഉടമയായ കെ.പി.ശ്രീധരന് നേരെയാണ് അക്രമം ഉണ്ടായത്.
രാവിലെ സമരാനുകൂലികൾ എത്തി കട അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കട അടയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അഞ്ചോളം പേർ എത്തി മുഖത്ത് നായ്ക്കുരണ പൊടി കൊണ്ടടിച്ചത്. ദേഹമാസകലം ചൊറിഞ്ഞതിനെ തുടർന്ന് ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും പ്രസിഡണ്ട് കെ.പി.ശ്രീധരൻ മാത്രമാണ് കട തുറന്നത്.