കൊല്ലം പിഷാരികാവ് ക്ഷേത്ര ദർശനം കഴിഞ്ഞ് ഓട്ടോയിൽ പോവുകയായിരുന്ന കുടുംബത്തിന് നേരെ കയ്യേറ്റം, ഓട്ടോയുടെ ചില്ലു തകർത്തു; അക്രമവുമായി പണിമുടക്ക് അനുകൂലികള്‍


കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു കുടുംബത്തിന് നേരെ പണിമുടക്കനുകൂലികളുടെ അക്രമം. ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്ത് കുടുംബത്തെ ഇറക്കിവിട്ടു. ഓട്ടോറിക്ഷ തൊഴിലാളിയായ ഗോവിന്ദപുരം സ്വദേശി ലിബിജിത്തിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് അശോകപുരത്തു വച്ചാണ് സംഭവം.

കൊല്ലം പിഷാരികാവ് ക്ഷേത്ര ദർശനം കഴിഞ്ഞ് ഓട്ടോയിൽ പോവുകയായിരുന്നു ലിബിജിത്തും കുടുംബവും. ഏഴും അഞ്ചും വയസുള്ള കുട്ടികളും ലിബിജിത്തിന്റെ ഭാര്യയും അമ്മയുമാണ് ഓട്ടോയിലുണ്ടായിരുന്നത്.  മാവൂര്‍ റോഡ് ശ്മശാനത്തിന് സമീപമെത്തിയപ്പോഴാണ് ആക്രമണം.

സമരക്കാര്‍ ചെരുപ്പ് ഉപയോഗിച്ച്‌ ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ക്കുകയും ടയറിലെ കാറ്റ് അഴിച്ചു വിടുകയുമായിരുന്നു. വണ്ടിയിലുണ്ടായിരുന്ന കുട്ടികളെ സമരക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കസബ പോലീസ് കേസെടുത്തു.