നവകേരളത്തിലേക്ക് വളരാന്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യം; ‘നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ സെമിനാറുമായി മേപ്പയ്യൂര്‍ ഫെസ്റ്റ്


മേപ്പയ്യൂര്‍: നവകേരളത്തിലേക്ക് വളരണമെങ്കില്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഭൂബന്ധങ്ങളില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. മൂലധന നിക്ഷേപം സാധ്യമാകണമെങ്കില്‍ പശ്ചാത്തല സൗകര്യവികസനം ഉറപ്പുവരുത്തണമെന്നും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റ് സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘നവ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉല്‍പ്പാദന സേവന മേഖലളില്‍ വലിയ മാറ്റങ്ങളാണ് നിര്‍മ്മിത ബുദ്ധി കൊണ്ടുവരുന്നത്. തൊഴില്‍ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കാന്‍ യുവാക്കളെ സഞ്ജരാക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അനുബന്ധ കമ്മിറ്റി കണ്‍വീണര്‍ എന്‍.എം. ദാമോദരന്‍ അധ്യക്ഷനായി. പ്രൊഫ. എം.എം. നാരായണന്‍ വിഷയ അവതരണം നടത്തി. എ.കെ. ജാനിബ്, ടി.പി. ജയചന്ദ്രന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ്, ദീപ കേളോത്ത്, എം.കെ.ഫസലു റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

ബിന്‍സിയും ഇമാമും പങ്കെടുത്ത സൂഫി സംഗീതരാവും ഡാന്‍സ് നൈറ്റും ഫെസ്റ്റിന്റെ ഭാഗമായുണ്ടായിരുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സഹകരണ സെമിനാര്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മഹബൂബ് ഉദ്ഘാടനം ചെയ്യും. 7 മണിക്ക് സാംസ്‌കാരിക സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാന്ത്രിക വഴവില്ല്, അതുല്‍ നറുകരയുടെ നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും എന്നിവ അവതരിപ്പിക്കും.