മീനങ്ങാടിയില്‍ നിന്ന് പഠിക്കാന്‍ മേപ്പയ്യൂരില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെട്ട സംഘത്തിന്റെ സന്ദര്‍ശനം; നെറ്റ് സീറോ കാര്‍ബ്ബണ്‍ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളില്‍ മേപ്പയ്യൂരും


മേപ്പയ്യൂർ: ജില്ലയില്‍ നെറ്റ് സീറോ കാര്‍ബ്ബണ്‍ പദ്ധതി നടപ്പിലാക്കുന്ന 11 ഗ്രാമ പഞ്ചായത്തുകളില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും. നെറ്റ് സീറോ കാര്‍ബ്ബണ്‍ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര്‍ ഉള്‍പ്പെട്ട സംഘം മീനങ്ങാടി സന്ദര്‍ശിച്ചു. ഈയൊരു വിഷയത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വയനാടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനരീതി മനസ്സിലാക്കുന്നതിനുവേണ്ടിയായിരുന്നു സന്ദര്‍ശനം.

പഞ്ചായത്ത് തല കോര്‍ഗ്രൂപ്പിന്റെ പ്രഥമയോഗം ഇന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിരഞ്ജന വിഷയാവതരണം നടത്തി.

ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സത്യന്‍ മേപ്പയ്യൂര്‍, ജൂനിയര്‍ സൂപ്രണ്ട് വി.വി.പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍.ശ്രീലേഖ നന്ദി രേഖപ്പെടുത്തി.