യാത്രയയക്കാന്‍ രണ്ട് ജീപ്പ് നിറയെ ആളുകള്‍, കണ്ണീരോടെ ഉറ്റവരുടെ കൈവീശലുകൾ; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും മുന്നേയുള്ള കാലത്തെ ഗൾഫ് യാത്രകളുടെ ഓർമ്മകളെഴുതുന്നു യൂസുഫ് കുറ്റിക്കണ്ടി


യൂസുഫ് കുറ്റിക്കണ്ടി

ഏകദേശം മുപ്പത് വർഷങ്ങൾക്കു മുമ്പാണ്, 1990 കാലഘട്ടം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്ന കൊച്ചു നഗരത്തിലെ ന്യൂ ഹോട്ടലിന്റെ മുന്നിൽ നിന്നും അക്ബർ ട്രാവൽസിന്റെ ബസ് കൊയിലാണ്ടി മുതൽ അന്നത്തെ ബോംബെ വരെയുള്ള യാത്രയ്ക്ക് തെയ്യാറായി നിൽക്കുന്നു. അന്നെനിക്ക് പതിനെട്ട് വയസ്സ്. ബസ്സിൽ തീർത്തും  അപരിചിതരായ കുറേ പേരുണ്ട്. എന്നെപ്പോലെ അറബിപ്പൊന്ന് മോഹിച്ച് കടൽ കടക്കാൻ തൽക്കാലത്തേക്കെങ്കിലും നാടും വീടും ഉപേക്ഷിച്ച് പോകുന്നവർ.

ബസ്സിനകത്ത് കിഷോർകുമാറിന്റെ ഏതോ ഹിന്ദിഗാനം പതിഞ്ഞ ശബ്ദത്തിൽ ഒഴുകിയെത്തുന്നുവെങ്കിലും എല്ലാവരുടെയും മനസ്സിൽ വല്ലാത്തൊരു മൂകത തളം കെട്ടി നിൽക്കുന്നു. കോഴിക്കോട് ജില്ല വിട്ട് അതുവരെ മറ്റെവിടേക്കും പോയിട്ടില്ലാത്ത എനിക്ക് യാത്രയെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. ഏക്കാട്ടൂർ എന്ന ഞങ്ങളുടെ പ്രദേശത്ത് അക്കാലത്ത് വിരലിലെണ്ണാവുന്ന പ്രവാസികൾ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പോകാനുള്ള ഏർപ്പാടുകൾ ചെയ്ത് തരുന്നത് എന്റെ പെങ്ങളുടെ ഭർത്താവാണ്.

കോഴിക്കോട് വിമാനത്താവളം  അന്താരാഷ്ട്രവിമാനത്താവളം ആകുന്നതിനുമുമ്പാണ് എന്റെ ആദ്യയാത്ര. ഗൾഫ് യാത്ര എന്നത് അന്ന് വലിയ ആഘോഷമാണ്. തലേദിവസം രാത്രി ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും എല്ലാം അതിഥികളായി വീട്ടിലെത്തും. ഭക്ഷണമെല്ലാം കഴിഞ്ഞ് രാത്രി വൈകിയാണ് എല്ലാവരും പിരിഞ്ഞുപോവുക. യാത്ര പോകുന്ന ആൾക്ക് വരുന്നവരെല്ലാം പണവും സമ്മാനങ്ങളും കൊടുക്കും. ടെലിഫോൺ സ൭കര്യം ഇല്ലാത്തതിനാൽ ഇന്നത്തേത് പോലെ പോയിട്ട് വിളിക്കണേ എന്നല്ല, പോയിട്ട് കത്തെഴുതണേ എന്ന് എല്ലാവരും ഓർമ്മിപ്പിക്കും.

പുലർച്ചെ നാലുമണിക്ക് വെളിച്ചം വീഴുംമുമ്പ്  രണ്ട് ജീപ്പുകളിൽ നിറയെ ആളുകളാണ് കൊയിലാണ്ടിയിൽ എന്നെ എത്തിക്കാൻവേണ്ടി വന്നിട്ടുള്ളത്. സഹപാഠികളായ സുഹൃത്തുക്കൾ തന്ന ചക്ക വറുത്തതും, കായ വറുത്തതും , ദിനേശ്ബീഡിയും എല്ലാം സ്നേഹത്തിന്റെ അതിർവരമ്പുകളില്ലാത്ത സമ്മാനങ്ങളായി എന്റെ ലഗേജ് ബോക്സിൽ ഭദ്രമായിരിക്കുന്നുണ്ട്.

36 മണിക്കൂർ ദൈർഘ്യമുള്ള ബസ് യാത്രക്കായി ബസ്സിൽ കയറി സുഹൃത്തുക്കളോട് യാത്ര പറയുമ്പോൾ മനസ്സിന്റെ ധൈര്യം മുഴുവൻ ചോർന്നുപോയിരുന്നു. പലരുടെയും കണ്ണിൽനിന്നും കണ്ണുനീർ ഇറ്റിവീണു…..

യാത്രക്കാരായ ഞങ്ങളെയും അതിലേറെ മോഹങ്ങളും ആശങ്കകളും വഹിച്ചുകൊണ്ട് ബസ് പുറപ്പെട്ടു. പറഞ്ഞിരുന്ന സമയത്ത് തന്നെ ബോംബെയിലെത്തി. കേട്ടറിവ് മാത്രമുള്ള ഖത്തർ എന്ന സ്വപ്നലോകത്തേക്കുള്ള യാത്രയും കിനാവ് കണ്ട് പിന്നെയും ഇരുപത്തൊന്ന് ദിവസം മുംബെയിൽ താമസിക്കേണ്ടിവന്നു. ഡോഗ്രിയിൽ മെഡിക്കലും മറ്റും കഴിഞ്ഞ് ഇരുപത്തിരണ്ടാമത്തെ ദിവസം ജീവിതത്തിലെ ആദ്യ വിമാനയാത്ര ഖത്തറിലേക്ക്. അനേകമനേകം യാത്രകൾ വീണ്ടും അതുപോലെ തുടരേണ്ടിവരുമെന്ന് എല്ലാവരെയും പോലെ ഞാനും കരുതിയിരുന്നില്ല.

മുപ്പത് വർഷങ്ങൾക്കുശേഷം ഇന്ന് ആദ്യ യാത്രയുടെ ഓർമ്മ പുതുക്കുമ്പോൾ അറബിക്കടലിൽ പുതുതായി ഒരുപാട് ജലം ഒഴുകിച്ചേർന്നിരിക്കുന്നു. നാലുമണിക്കൂർ കൊണ്ട് ഇന്ന് ഗൾഫിലെത്താൻ കഴിയും. എങ്കിലും ദിവസങ്ങൾ നീണ്ട ആദ്യയാത്രയുടെ അനുഭവങ്ങൾ, വേദനകൾ  എല്ലാം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഓരോ യാത്രയും ഓരോ അനുഭവമാണ്, പാഠമാണ്.


യൂസുഫ് കുറ്റിക്കണ്ടി എഴുതിയ ഈ കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


പ്രവാസിയുടെ കൊയിലാണ്ടി എന്ന പംക്തിയിലേക്ക് നിങ്ങൾക്കും അനുഭവങ്ങൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.