മലബാര്‍ ചിക്കന്‍കറി, കടലൂര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ കറി; രുചിവൈവിധ്യമൊരുക്കി മേലടി ഉപജില്ലാ കലോത്സവത്തിലെ രുചിപ്പന്തല്‍


നന്തിബസാര്‍: മേലടി ഉപജില്ലാ കലോത്സവം രുചിപ്പെരുമയുമായി രുചിപ്പന്തല്‍. ജി.എച്ച്.എസ് വന്‍മുഖം സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ പതിവ് വിഭവങ്ങള്‍ക്കൊപ്പം കടലൂരിന്റെ തനത് വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രുചിവൈവിധ്യം തീര്‍ക്കുന്നത്.

രണ്ടാം ദിവസം പായസവും കടലൂരിന്റെ സ്‌പെഷ്യല്‍ കല്ലുമ്മക്കായ കറിയും മൂന്നാം ദിവസം മലബാര്‍ ചിക്കന്‍ കറിയും നെയ്‌ച്ചോറുമാണ് വിളമ്പിയത്. ആദ്യമായാണ് ഇത്രയും വൈവിധ്യങ്ങളുടെ ഭക്ഷണങ്ങള്‍ ഒരുക്കുന്നത്.

റഫീഖ് പുത്തലത്ത് ചെയര്‍മാനും കെ. സനില്‍കുമാര്‍ കണ്‍വീനറുമായ ഭക്ഷണ കമ്മിറ്റിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വിശാലമായ എന്‍.ഐ.എം ഓഡിറ്റോറിയത്തിലാണ് ഭക്ഷണ കൗണ്ടറുകള്‍ ഒരുക്കിയിട്ടുള്ളത്. നാല് ദിവസങ്ങളിലായി പന്ത്രണ്ടായിരം പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയിട്ടുള്ളത്. അധ്യാപകര്‍, കുടുംബശ്രീ, എം.പി.ടി.എ, സി.ഡി.എസ് അംഗങ്ങള്‍, എസ്.പി.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവരാണ് രുചിപ്പന്തലില്‍ ഭക്ഷണ വിതരണം നടത്തിയത്. രണ്ടാം ദിനം പൂര്‍ണ്ണമായും വനിതകള്‍ മാത്രമാണ് ഭക്ഷണ വിതരണം നടത്തിയത്.