വനമധ്യത്തിൽ കൊട്ടിക്കയറി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും; പൊയിൽക്കാവിൽ വാദ്യവിസ്മയം


കൊയിലാണ്ടി: പൊയിൽക്കാവ്  ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് പ്രഗത്ഭ വാദ്യതലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറി. ഞായറാഴ്ച നട്ടുച്ചയ്ക്കാണ് വനമധ്യത്തിൽ വാദ്യവിസ്മയം വിരിഞ്ഞത്.

ആയിരക്കണക്കിന് മേളപ്രേമികളാണ് പൊയിൽക്കാവിനെ പ്രകമ്പനം കൊള്ളിച്ച മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മേളം ആസ്വദിക്കാനായി കാടിന് നടുവിലെത്തിയത്. ക്ഷേത്ര മഹോത്സവത്തിൻ്റെ താലപ്പൊലി ദിവസമായ ഇന്ന് രാവിലെ സമുദ്ര തീരത്ത് കുളിച്ചാറാട്ടിനു ശേഷമാണ് വനമധ്യത്തിൽ പാണ്ടിമേളം അരങ്ങേറിയത്.

പാണ്ടിമേളത്തിൽ നൂറോളം പ്രഗത്ഭ വാദ്യകലാകാരന്മാർ അണിനിരന്നു. മേളത്തിനിടെ നടന്ന കുടമാറ്റം ഏറെ ഹൃദ്യമായി. ശേഷം പടിഞ്ഞാറെക്കാവിൽ കൊടിയിറക്കൽ ചടങ്ങ് നടന്നു.