ആൾപ്പാർപ്പില്ലാത്ത വീടിന്റെ വാതിൽ പൂട്ട് പൊളിച്ച് വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഉരുളികളും വിളക്കുകളും കവർന്നു; എലത്തൂരിൽ അടച്ചിട്ട വീട്ടിൽ വൻകവർച്ച


എലത്തൂർ: എടക്കാട് ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കവർച്ച നടത്തി മോഷ്ടാക്കൾ. എടക്കാട് നെല്ലിക്കാപ്പുളി പാലത്തിനുസമീപത്തെ എടക്കമന മാവിളി തറവാട് വീട്ടിലാണ് കവർച്ച നടന്നത്. തറവാട് വീടിന്റെ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഉരുളികളും വിളക്കുകളും മോഷ്ടാക്കൾ കവർന്നു. വീടിനു ചുറ്റുമുള്ള ചെറു ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളുമാണ് നഷ്ടമായത്.

വിളക്ക് തെളിയിക്കാനായി തറവാട്ടിലെത്തിയപ്പോഴാണ് വാതിലിന്റെ പുട്ട് പൊളിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. 20 കിലോഗ്രാമോളം തൂക്കമുള്ള രണ്ടു വിലപിടിപ്പുള്ള ഓട്ടുവിളക്കുകൾ. വലുതും ചെറുതുമായ 13 ഉരുളികൾ, ക്ഷേത്രചടങ്ങുകൾക്ക് ഉപയോഗിക്കുന്ന പത്തോളം ഓട്ട് മൊന്ത, തൂക്കുവിളക്കുകൾ ഉൾപ്പെടെ 12-ഓളം വിളക്കുകൾ എന്നിവയും നഷ്ടമായി. സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല.

25-ഓളം പേരുടെ ഉടമസ്ഥതയിലുള്ള കുടുംബസ്വത്താണ് മാവിളി തറവാടും ചുറ്റുമുള്ള ക്ഷേത്രങ്ങളും. തറവാട്ട് കാരണവർ ബാബു മേനോക്കി ബുധനാഴ്ച പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരായ പി.ആർ. സതീശ് ചന്ദ്രൻ, എൻ. സുധീഷ് എന്നിവരും എലത്തൂർ പോലീസും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

Summary: Massive Robbery At Locked House In Elathur