പേരാമ്പ്രയില്‍ വന്‍ എം.ഡി.എം.എ വേട്ട; സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.

മാവൂര്‍ ചെറൂപ്പ പാറയില്‍ ലാല്‍, ചേവായൂര്‍ പിലാശ്ശേരി പറമ്പില്‍ സോപാനത്തില്‍ ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 2.940 ഗ്രാം എം.ഡി.എം.എ പിടികൂടി.

പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞി മോയിന്‍കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്രയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ റൂമില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. പേരാമ്പ്ര എസ്.ഐ.ജിതിന്‍ വാസും ഡി.വൈ.എസ്.പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡുമാണ് പരിശോധന നടത്തിയത്.

പ്രതികെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു. റെയ്ഡില്‍ സ്‌ക്വാഡംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീഷ്, മുനീര്‍, ഷാഫി, സിഞ്ചു ദാസ്, ജയേഷ് എന്നിവര്‍ പങ്കെടുത്തു.