ജപ്പാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്


ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇഷികാവ, നിഗാട്ട, ടൊയാമ തീരദേശമേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. ജപ്പാന്‍ കടലിനോട് ചേര്‍ന്നുള്ള തീരപ്രദേങ്ങളില്‍ അഞ്ച് മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതിനാല്‍ ഏറ്റവും വലിയ ഭൂചലനമുണ്ടായത്.

റിക്ചര്‍ സ്‌കെയിലില്‍ നാലോ അതിലധികമോ തീവ്രതയുള്ള 20 ഭൂചലനങ്ങള്‍ ഇഷിക്കാവ തീരത്തും അയല്‍പക്കത്തുമുള്ള നിഗറ്റ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകിട്ട് 4.6നും 5.29നും ഇടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന റോഡുകളില്‍ ഭൂചലനത്തെ തുടര്‍ന്ന് വിള്ളല്‍ വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.

ഭൂകമ്പബാധിത പ്രദേശങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. രാജ്യത്ത് ശൈത്യകാലമാണെങ്കിലും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചിട്ടുണ്ട്.