വയോജന കേന്ദ്രത്തോട് ചേര്‍ന്ന് മാലിന്യ സംഭരണ കേന്ദ്രം: ചെങ്ങോട്ടുകാവ് പഞ്ചായത്തിലേക്ക് ജനകീയ പ്രക്ഷോഭം, വാര്‍ഡ് മെമ്പറയുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും കോലം കത്തിച്ച് ജനകീയ കൂട്ടായ്മ


കൊയിലാണ്ടി: വയോജന കേന്ദ്രത്തോട് ചേര്‍ന്ന് മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ച ചെങ്ങോട്ട്കാവ് പഞ്ചായത്തിലേക്ക് ജനകീയ പ്രക്ഷോഭം. പഞ്ചായത്ത് ഉപരോധിച്ച ജനകീയ കൂട്ടായ്മ വാര്‍ഡ് മെമ്പറുടേയും പഞ്ചായത്ത് സെക്രട്ടറിയുടെയും കോലം കത്തിച്ചു.

നാലാം വാര്‍ഡിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കച്ചേരിപ്പാറയിലാണ് മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ചത്. ഭക്ഷണ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിര്‍മ്മാണം തുടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട് നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ മാത്രം അനുവദിക്കുന്ന സ്ഥാനത്ത് 14 ലക്ഷം രൂപ ചെലവാക്കി കെട്ടിടം നിര്‍മ്മിച്ചതിലും ദുരൂഹതയുണ്ടെന്ന് സമരസമിതി ആരോപിച്ചു.

പഞ്ചായത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ബന്ധപ്പെട്ട വാര്‍ഡിന്റെ ഗ്രാമസഭകളില്‍ പൊതു ചര്‍ച്ചയ്ക്ക് വെക്കണം. അത്തരം പദ്ധതികള്‍ എവിടെ തുടങ്ങണം, ഏത് പ്രോജക്ട്റ്റ് വേണം, അതിന്റെ എസ്റ്റിമേറ്റ് തുടങ്ങിയ കാര്യങ്ങള്‍ ഗ്രാമസഭയില്‍ വെച്ചാണ് തീരുമാനിക്കുന്നത്. എന്നാല്‍ അയല്‍ക്കൂട്ടത്തിലോ ഗ്രാമസഭയിലോ അറിയിക്കാതെ 2021ലാണ് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഈ വര്‍ഷം ബോര്‍ഡ് സ്ഥാപിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നും ജനകീയ കൂട്ടായ്മ പറയുന്നു.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലെയും മുഴുവന്‍ അജൈവ മാലിന്യങ്ങളും കച്ചേരിപ്പാറയിലെ ഈ കേന്ദ്രത്തില്‍ നിക്ഷേപിക്കാനാണ് നീക്കം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിച്ച പാഴ് വസ്തുകള്‍ ഇവിടെ ആയിരിക്കും നിക്ഷേപിക്കുക. പഞ്ചായത്തിന്റെ നീക്കം തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വയോജനങ്ങളും പറഞ്ഞു.

സ്ത്രീകളും പുരുഷന്‍മാരുമടക്കം 25 ലേറെ പേരാണ് പകല്‍ വീടായി ഇവിടെ തങ്ങുന്നത്. അനുബന്ധ സൗകര്യങ്ങളുടെ കുറവ് കാരണം വീര്‍പ്പുമുട്ടുന്ന വയോജന കേന്ദ്രത്തെ മാലിന്യം കൂടി തള്ളി വീര്‍പ്പുമുട്ടിക്കരുത് എന്നാണ് വൃദ്ധജനങ്ങളുടെ അപേക്ഷ. രണ്ട് കെട്ടിടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ പോലും അകലമില്ലാതെ നിര്‍മ്മിച്ചത് പോലും തെറ്റാണ്. മാലിന്യം കുന്നുകൂടുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇഴജന്തു ശല്യവും വര്‍ധിക്കുമെന്നും അന്തേവാസികള്‍ പറയുന്നു.

ജനകീയ കമ്മിറ്റി പ്രസിഡന്റ് ഷിജി മേലൂര്‍ അധ്യക്ഷന്‍ വഹിച്ച പഞ്ചായത്ത് ഉപരോധം എന്‍.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗോപി ചെറുവാട്ട് സ്വാഗതം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ അനിരുദ്ധന്‍ ചെങ്ങോട്ടുകാവ് ആശംസ അര്‍പ്പിച്ചു. റെനി കച്ചേരിപ്പാറ (ജനകീയ കമ്മിറ്റി സെക്രട്ടറി ) സുബീഷ് തട്ടാരി (ചാലഞ്ചേഴ്‌സ് കച്ചേരിപ്പാറ ക്ലബ് സെക്രട്ടറി) പ്രശോഭ് കച്ചേരിപ്പാറ, രാജേന്ദ്രന്‍ മാസ്റ്റര്‍, സാവിത്രി അമ്മ (സീനിയര്‍ സിറ്റിസണ്‍ ചെങ്ങോട്ടുകാവ്) എന്നിവര്‍ സംസാരിച്ചു. അഡ്വ: അനൂപ് കൊണ്ടംവള്ളിയുടെ നേതൃത്വത്തിലാണ് സമരസമിതി രൂപീകരിച്ചത്.