ട്രെയിനുകളിൽ ഇനി മാസ്ക് നിർബന്ധമില്ല


കോഴിക്കോട്: ട്രെയിനുകളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ലെന്ന് റെയില്‍വേ. മാസ്‌ക്‌ ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് റെയിൽവേ നിറുത്തലാക്കി. വ്യക്തികൾക്കു സ്വന്തം ഇഷ്‌ട‌പ്രകാരം മാസ്‌ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു.

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ചാണ് റെയില്‍വേയും പുതിയ ഉത്തരവിറക്കിയത്.

ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. 2020ലാണ് മാസ്‌കും, ഒത്തുചേരലുകള്‍ക്ക് നിയന്ത്രണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്.