ഓണാഘോഷമോ പൂക്കളമത്സരമോ എന്തും ആയിക്കോട്ടേ, ചെണ്ടുമല്ലിക്കായി ഇനി അകലെ പോകേണ്ട; മൂടാടിയില്‍ ഇപ്പോള്‍ പൂക്കാലമാണ്!


മൂടാടി: ഓണക്കാലമാണ്, ഒപ്പം ആഘോഷക്കാലവും. പൂക്കളമത്സരങ്ങളും ഓണാഘോഷ പരിപാടികളുമെല്ലാം തുടങ്ങുകയായി. ഇതിനായി പൂക്കള്‍ തേടി ഇനി ദൂരേക്ക് പോകേണ്ട, മൂടാടിയിലേക്ക് വിട്ടോളൂ. തികച്ചും ജൈവകൃഷി ചെയ്ത് തയ്യാറാക്കിയ പൂക്കള്‍ നിങ്ങള്‍ക്ക് കിട്ടും, അതും കുറഞ്ഞ വിലയില്‍.

ഒന്നും രണ്ടുമല്ല, പത്ത് കര്‍ഷക ഗ്രൂപ്പുകളാണ് മൂടാടിയുടെ വിവിധ ഭാഗങ്ങളിലായി ചെണ്ടുമല്ലി പൂക്കള്‍ കൃഷി ചെയ്തിരിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി. തൈകളും വളവും വില്‍ക്കാനുള്ള സൗകര്യവുമെല്ലാം പഞ്ചായത്ത് ചെയ്തുനല്‍കുന്നതാണ് പദ്ധതിയെന്ന് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മുചുകുന്നില്‍ മാത്രം നാല് കര്‍ഷക ഗ്രൂപ്പുകളാണ് വിവിധയിടങ്ങളില്‍ പൂക്കള്‍ കൃഷി ചെയ്തിരിക്കുന്നത്. പഞ്ചായത്തിലെ രണ്ട്, ഏഴ്, ഒമ്പത്, പത്ത്, പതിനൊന്ന് വാര്‍ഡുകളില്‍ നിലവില്‍ പൂക്കള്‍ വില്‍പ്പനയ്ക്കായി തയ്യാറുണ്ട്.

മഞ്ഞയും, ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് കൃഷി ചെയ്തതെന്ന് പതിനൊന്നാം വാര്‍ഡിലെ ആമ്പിച്ചിക്കാടില്‍ ചെണ്ടുമല്ലി കൃഷി ചെയ്യുന്ന ജവാന്‍ കര്‍ഷക കൂട്ടായ്മയുടെ കണ്‍വീനര്‍ സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജൈവ വളങ്ങളാണ് കൃഷിയ്ക്ക് ഉപയോഗിച്ചത്. കഴിഞ്ഞതവണയും ചെറിയ തോതില്‍ ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. അന്നത്തെ അനുഭവങ്ങളുടെ കരുത്തിലാണ് ജവാന്‍ ഗ്രൂപ്പ് ഇത്തവണ അല്പം വിപുലമായി തന്നെ പൂക്കള്‍ കൃഷി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂക്കള്‍ ആവശ്യമുള്ളവര്‍ക്ക് കര്‍ഷകരെ നേരിട്ടോ പഞ്ചായത്ത് അധികൃതര്‍ വഴിയോ ബന്ധപ്പെടാം. ഓണ്‍ലൈനായി പൂക്കള്‍ വില്‍ക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുടുംബശ്രീയുടെ കിയോസ്‌ക് വഴിയും പൂക്കള്‍ വില്‍ക്കും. മൂടാടിയില്‍ പൂക്കൃഷിയ്ക്കായി കണ്‍സോര്‍ഷ്യം രൂപീകരിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Summary: Marigold flowers are cultivated in different parts of Moodadi by ten farmer groups. Marigold cultivation is under the leadership of the Panchayat. The panchayat will provide facilities for selling seedlings and fertilizer