ദേശീയപാത അതോറിറ്റിയുടെ ബദല്‍ നിര്‍ദേശം പരിഗണനയില്‍; മരളൂരില്‍ പുതിയ കിണറിന് സ്ഥലം കണ്ടെത്താനുള്ള നീക്കവുമായി നാട്ടുകാര്‍


കൊയിലാണ്ടി: സ്ഥലം കണ്ടെത്തിയാല്‍ കിണര്‍ കുഴിച്ചുനല്‍കാമെന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പിനു പിന്നാലെ മരളൂരില്‍ പുതിയ കിണറിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമവുമായി നാട്ടുകാര്‍. സൗജന്യമായി ആരെങ്കിലും സ്ഥലം നല്‍കാന്‍ തയ്യാറുണ്ടോയെന്നാണ് ആദ്യഘട്ടത്തില്‍ നോക്കുന്നതെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇല്ലെങ്കില്‍ നഗരസഭയുടെ ഫണ്ടില്‍ സ്ഥലം വാങ്ങിക്കാനാണ് തീരുമാനം.

സ്ഥലം വാങ്ങിക്കാനുള്ള ചെലവ് ഏറ്റെടുക്കുകയെന്നത് പ്രശ്‌നബാധിതരെ സംബന്ധിച്ച് പറ്റാവുന്ന കാര്യമല്ല. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് വരുദിവസങ്ങളില്‍ നഗരസഭയില്‍ അപേക്ഷ നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

മരളൂര്‍ പനച്ചിക്കുന്നിലെ അന്‍പതോളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സ് ദേശീയപാത നിര്‍മ്മാണത്തിനുവേണ്ടി നികത്തേണ്ടിവരും എന്ന അവസ്ഥ വന്നതോടെയാണ് പുതിയ കിണര്‍ നിര്‍മ്മിക്കേണ്ടിവരുന്നത്. കഴിഞ്ഞദിവസം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കെ.പിയും വാര്‍ഡ് കൗണ്‍സിലര്‍ രാജീവനും ദേശീയ പാത അധികൃതരെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്തിയാല്‍ കിണര്‍ നിര്‍മ്മിക്കാനുള്ള ചെലവ് ഏറ്റെടുക്കാമെന്ന ബദല്‍ അവര്‍ മുന്നോട്ടുവെക്കുകയായിരുന്നു. അല്ലാത്തപക്ഷം ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം നടന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും സ്ഥലം കണ്ടെത്താമെന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തത്.