മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല കോഴിക്കോട് അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

മലപ്പുറത്ത് മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയില്‍ ജനിച്ച വത്സല പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായികന്‍ വി.എം കുട്ടിയാണ് ഫസീലയെ സംഗീത രംഗത്തേക്ക് കൈപിടിച്ചുകയറ്റിയത്. ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.

1970ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാപ്പിളപ്പാട്ടിന്റെ ലോകത്തെത്തുന്നത്. കിരികിരി ചെരിപ്പുമ്മല്‍ അണഞ്ഞുള്ള പുതുനാരി…, ആമിന ബീവിക്കോമന മോനേ…, മക്കത്തെ രാജാത്തിയായി…, ആകെലോക കാരണമുത്തൊളി…, തുടങ്ങിയവയാണ് പ്രധാന പാട്ടുകള്‍.

മണവാട്ടി കരംകൊണ്ട് (പതിനാലാം രാവ്). കൊക്കരക്കൊക്കര കോയിക്കുഞ്ഞേ (മൈലാഞ്ചി), തക്കാളിക്കവിളത്ത് (സമ്മേളനം), ഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ (1921) എന്നീ സിനിമാഗാനങ്ങളും പാടിയിട്ടുണ്ട്.

കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.