ഗ്രേസ് മാർക്കില്ലാതെ മനുകാർത്തിക് പഠിച്ച് നേടിയത് 1200 ൽ 1199; പ്ലസ് ടു പരീക്ഷയിൽ കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി ഇരിങ്ങത്ത് സ്വദേശി
തുറയൂർ: ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി ഇരിങ്ങത്ത് സ്വദേശി മനു കാർത്തിക്. ബയോളജി സയൻസ് വിഭാഗത്തിൽ 1200 ൽ 1199 മാർക്ക് വാങ്ങിയാണ് കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി മനുകാർത്തിക് മറിയത്. മലയാളത്തിന് മാത്രമാണ് മനുവിന് ഒരു മാർക്ക് കുറഞ്ഞ് പോയത്. ഇത്തവണ ഗ്രേസ് മാർക്കില്ലാതെ ഫലം പ്രഖ്യാപിച്ചപ്പോൾ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളുടെ എണ്ണവും വളരെ കുറവാണ്.
തുറയൂർ ബാഫഖി തങ്ങൾ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുമാണ് മനു പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ കൂടുതലായി പഠിക്കുന്ന വിദ്യാലയമാണിത്. ഇവിടെ നിന്നും മനുകാർത്തികിന് കൊയിലാണ്ടി താലൂക്കിലെ തന്നെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങാനായത് അഭിമാനാർഹമായി.
ഇരിങ്ങത്ത് എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായ കലേഷ് മാസ്റ്ററുടെയും അതേ സ്കൂളിലെ അധ്യാപകയായ രജിഷ ആറിന്റെയും മകനാണ്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ശിവകാർത്തിക സഹോദരിയാണ്.