യുദ്ധത്തിനെതിരെ ‘മാനിഷാദ’ സര്‍ഗാത്മക പ്രതിഷേധവുമായി നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


നടുവണ്ണൂര്‍: റഷ്യ ഉക്രൈന്‍ യുദ്ധം മുറുകുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ യുദ്ധവിരുദ്ധ ചിന്ത വളര്‍ത്താനായി നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘മാനിഷാദ’ എന്ന പേരില്‍ സര്‍ഗാത്മക പ്രതിഷേധം തീര്‍ത്തു. മഴവില്‍ കലാ കൂട്ടായ്മയുടെയും സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ JRC, NCC. SPC, സ്‌കൗട്ട്‌സ് & ഗൈഡ്‌സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത ചിത്രകാരന്‍ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ അഷറഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു ഡപ്യൂട്ടി എച്ച്.എം.റീനാകുമാരി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ബി.ഷൈന്‍, ദിലീപ് കീഴൂര്‍, മുസ്തഫ പാലോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മോഹനന്‍ പാഞ്ചേരി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ രാജീവന്‍ കെ.സി നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി മഴവില്‍ ലയം കൂട്ടുകാര്‍ അവതരിപ്പിച്ച ശാന്തിഗീതം, മഴവില്‍ ചന്തംകൂട്ടുകാര്‍ ഒരുക്കിയ ചിത്ര- പോസ്റ്റര്‍ പ്രദര്‍ശനം, സഡാക്കോ കൊക്ക് നിര്‍മാണം, ശാന്തിയാത്ര, ബിഗ് പിച്ചര്‍ നിര്‍മാണം, എന്നിവയും പ്രശസ്ത ചിത്രകാരന്മാരായ അഭിലാഷ് തിരുവോത്ത്, സി.കെ.കുമാരന്‍, ബഷീര്‍ ചിത്രകൂടം, ആര്‍.ബി പേരാമ്പ്ര, ദിനേശ് നക്ഷത്ര, ദീപേഷ് സ്മൃതി, ലിതേഷ് കരുണാകരന്‍, രഞ്ജിത്ത് പട്ടാണിപ്പാറ, രാജീവന്‍.കെ.സി ബാബു പുറ്റംപൊയില്‍ എന്നിവരുടെ യുദ്ധവിരുദ്ധ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.