വിൽക്കാൻ കൊണ്ടുവന്ന മദ്യകുപ്പികളുമായി കായണ്ണ സ്വദേശി അറസ്റ്റിൽ; പ്രതി സ്ഥിരമായി അനധികൃത മദ്യവില്‍പ്പന നടത്തുന്നയാള്‍


കായണ്ണബസാർ: കായണ്ണയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. കായണ്ണ സ്വദേശിയായ സുരേഷന്‍ കെ എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജിതിൻവാസ്, DANSAF സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്.ടി, മുനീർ, ഷാഫി, ജയേഷ് എന്നിവവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്‌.

ടൗണിനടുത്ത് മില്‍മ സൊസൈറ്റിക്ക് സമീപത്ത് നിന്നും മദ്യം വില്‍ക്കുന്നതിനിടെയായിരുന്നു ഇയാളെ പിടികൂടിയത്. സ്ഥിരമായി അനധികൃതമായി മദ്യം വില്‍ക്കുന്നയാളാണ് സുരേഷെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്.

കായണ്ണയില്‍ പരസ്യമായ മദ്യവില്‍പ്പനയും കൂട്ടം ചേര്‍ന്ന് കുടിക്കുന്നതും പതിവാണെന്നും ഇതിനെതിരെ കൃത്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. കൂടാതെ പ്രദേശത്തെ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന്‌ പേരാമ്പ്ര സബ്ഡിവിഷനിൽ DANSAF എന്ന പേരില്‍ സ്‌ക്വാഡ് രൂപികരിച്ചിട്ടുണ്ടെന്നും കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി ശ്രീ.കുഞ്ഞിമൊയീൻകുട്ടി അറിയിച്ചു.