മാക്രിയും നീർക്കോലിയും | കഥാനേരം – 1


മണിശങ്കർ

കഥ കേള്‍ക്കാനായി പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ…. ⬇️

തൂക്കണാം കുന്നിൽ മൈന എന്ന് പേരായ ഒരു കുഞ്ഞിക്കിളി പാർത്തിരുന്നു. മൈനയുടെ അടുത്ത കൂട്ടുകാരായിരുന്നു കുന്നിന്റെ ഇറക്കത്തിലെ പാതാളകുണ്ട് എന്ന പൊട്ടക്കിണറും കിണറിലെ താമസക്കാരിയായ മാക്രി പെണ്ണ് എന്ന തടിയൻ തവളയും.
വെട്ടം വീണാൽ ആ വിവരം മൈന പാട്ട് പാടി  അറിയിക്കും. മൈനയുടെ പാട്ട് കേൾക്കേണ്ട താമസം മാക്രി ‘ക്രോം ക്രോം’ എന്ന് ഉച്ചത്തിൽ കരഞ്ഞ് കൊണ്ട് നേരം വെളുത്തെന്ന് പാതാളക്കുണ്ടിനോട് പറയും. അതുകേട്ട് പാതാളക്കുണ്ട് മൈനയ്ക്കും മാക്രിക്കും കുടിക്കാനും തിന്നാനും വേണ്ടത് വെച്ചും വിളമ്പിയും ഒരുക്കി വെക്കും.

പാതാളക്കുണ്ടിന് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ പറ്റില്ല. അത് അറിയാവുന്നത് കൊണ്ട് മൈനയും മാക്രിയും നാടായനാടും കാടായ കാടും താണ്ടി അന്നത്തിന് വകകണ്ടെത്തും. അന്നം തേടി കൊണ്ടുവരുന്നവരും വെച്ചുവിളമ്പുന്നവരും ഒന്നും തന്നെ  ഒന്നിനും കണക്ക് പറയാതെയും പരസ്പരം ബഹുമാനിച്ചും അത്യാർത്തിയില്ലാതെയും ഒരു വിധം സന്തോഷത്തോടെ  ജീവിച്ചു പോരുകയായിരുന്നു. അതിനിടയിലാണ് തൂക്കണാം കുന്നിൽ പുതിയൊരു അതിഥിയെത്തുന്നത്. നീണ്ടു മെലിഞ്ഞൊരു നീർക്കോലി പെണ്ണ്.  ദൂരെയെവിടെയോ വെച്ച് മാക്രിയെ പിടികൂടാൻ അവളുടെ പിറകെ ഓടി ഓടി തളർന്ന് വഴിതെറ്റി, ഒടുക്കം അവിടെയെത്തിയതായിരുന്നു നീർകോലി പെണ്ണ്.
മാക്രിയെ പിടിക്കാനുള്ള സൂത്രം വിലപ്പോവില്ലെന്ന് വന്ന ദിവസം തന്നെ നീർകോലി പെണ്ണിന് മനസിലായി കഴിഞ്ഞിരുന്നു.

പാതാളക്കുണ്ടിനോടും മൈനയോടും ചേർന്ന് നില്ക്കുന്ന കാലത്തോളം മാക്രി ശക്തയാണ്. മൂവരേയും തമ്മിൽ തെറ്റിച്ചാൽ മാത്രമേ കാര്യം നടക്കൂ. എന്താണ് അതിനൊരു വഴി – നീർക്കോലിപ്പെണ്ണ് തലകുത്തിയാലോചിച്ചു.

‘മൂവരേയും തമ്മിൽ  പിണക്കാൻ പഴുതന്വേഷിച്ച് തൊട്ടടുത്ത ദിവസം തന്നെ നീർക്കോലി പെണ്ണ് മൈനയെ ചെന്നു കണ്ടു:
‘മൈന പെണ്ണേ മൈന പെണ്ണേ കൂട്ടത്തിൽ സുന്ദരി നീ തന്നെ; കൂടുതൽ അദ്ധ്വാനിക്കുന്നവളും നീയാണ്. എന്നിട്ടും നിന്നെപ്പറ്റി കുറ്റംപറയാനേ പാതാളക്കുണ്ടിനും മാക്രിക്കും നേരമുള്ളൂ’.

‘ഒന്നു പോ… ന്റെ നീർക്കോലി. അവരങ്ങനെ പറയില്ലെന്ന് എനിക്കറിയാൻ മേലെ.’ അത്രയും പറഞ്ഞ് കൂടുതൽ കേൾക്കാൻ നില്ക്കാതെ മൈന  പറന്നുപോയി. മൈനയുടെ അടുത്ത് തന്റെ സൂത്രപ്പണി നടക്കില്ലെന്ന് മനസിലാക്കിയ നീർക്കോലി പെണ്ണ് പാതാളക്കുണ്ടിന്റെ അടുത്തെത്തി.

‘പാതാളക്കുണ്ടേ പാതാളക്കുണ്ടേ നിന്റെ കാര്യമാ കഷ്ടം! ആ മൈനയും മാക്രിയും നിന്നെപ്പറ്റി എന്തൊക്കെയാണ് പറയുന്നതെന്നോ… നിന്റെ മടിയെക്കുറിച്ച് ഇന്നാട്ടിൽ അറിയാൻ ഇനി ആരും ബാക്കിയില്ല. അവർ അധ്വാനിക്കുന്നത് നീ തിന്നു മുടിക്കുകയാണെന്നാ ഈ കുന്നായ കുന്നൊക്കെ സംസാരം.’ പാതാളക്കുണ്ടിന് കാര്യം മനസിലായി. ഇവൾ ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കുകയാണ്. ആ വേല മനസിലിരിക്കട്ടെ. ഇത്രയും ചിന്തിച്ച ശേഷം പാതാളക്കുണ്ട് പറഞ്ഞു: ” അങ്ങനെ അവർ പറഞ്ഞെങ്കിൽ അതിൽ എന്താ തെറ്റ് ന്റെ നീർക്കോലീ. അത് ശരിയല്ലേ. എനിക്ക് ഇവിടുന്ന് ഒന്ന് നീങ്ങാൻ പോലും പറ്റാറില്ല. പിന്നെ എന്റേത് വലിയ വയറായതിനാൽ ഞാൻ അവരേക്കാളും അല്പം കൂടുതൽ കഴിക്കുകയും ചെയ്യും. അവരും ഇതൊക്കെ എന്നോട് പറയാറുള്ളതാ… ഞങ്ങൾ അതും പറഞ്ഞ് ശണ്ഠകൂടുക വരെ ചെയ്തിട്ടുണ്ട്. ഒടുക്കം തമാശ മനസിലാക്കി പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിക്കും. അതു പോലെ തമാശയ്ക്ക് അവരത് മറ്റാരോടെങ്കിലും പറഞ്ഞ് കാണും. അതിലെന്താ തെറ്റ്?

ഒരു തെറ്റുമില്ലേ… എന്ന് പറഞ്ഞ് കൊണ്ട് നീർക്കോലി അവിടുന്ന് നേരെ മാക്രിയുടെ അടുത്തേക്ക് വെച്ചുപിടിച്ചു. പണിയും കഴിഞ്ഞ് ഒരു ചുമട് സാധനവും പേറി വരികയായിരുന്നു അപ്പോൾ മാക്രി പെണ്ണ്.

‘ന്നാലും ന്റെ മാക്രീ നിന്റെ ഒരു പാടും വിധിം. ആ സുന്ദരി കോത മൈനയേയും കുഴിമടിയൻ പാതാളക്കിണറിനേയും തീറ്റിപോറ്റാൻ നീയിങ്ങനെ രാവും പകലും നോക്കാതെ പണി ചെയ്തോ’. ‘അതിനെന്താ നീർക്കോലി പെണ്ണേ അവരും അവരുടെ പണി ചെയ്യുന്നുണ്ടല്ലോ’.

‘ഓ ചെയ്യുന്നുണ്ട് ചെയ്യുന്നുണ്ട്… ന്നെക്കൊണ്ടെന്നും പറയിക്കേണ്ട… മൈനക്ക് മിനുങ്ങി നടക്കാനല്ലാതെ മറ്റെന്തിനാ സമയം. പാതാള കിണറാകട്ടെ തിന്നും മുടിച്ച് കിടക്കാനല്ലാതെ എന്തിന് പറ്റും’, പറഞ്ഞത് ശരിയാണല്ലോ എന്ന തോന്നൽ മാക്രിക്കുമുണ്ടായി. എന്നാലും നീക്കോലിയെ കേൾക്കാത്ത മട്ടിൽ അവൾ  ആഞ്ഞ് നടന്നു. നീർക്കോലിക്ക് അവളെ അങ്ങനെ വിടാൻ ഭാവമില്ലായിരുന്നു.

‘അതൊക്കെ പോട്ടെ, നീയാണ് പണിയെടുക്കാതെ തിന്നു മുടിക്കുന്നതെന്ന് അവർ പറഞ്ഞ് പരത്തുക കൂടി ചെയ്താൽ….”
നീർക്കോലി മുഴുവനാക്കും മുമ്പേ മാക്രി ചോദിച്ചു, ‘ആര് … ആര് പറഞ്ഞ് പരത്തീന്നാ’

‘മൈനയും പാതാള കിണറും.’ പിന്നെ ഒട്ടും അമാന്തിച്ചില്ല… അരിശം മൂത്ത് മാക്രി പാതാളകിണറി നടുത്തേക്ക് ഓടി.
‘പാതളക്കിണറേ ചങ്ങാതീ നീ എന്നെക്കുറിച്ച് വേണ്ടാതീനം പറഞ്ഞതെന്തിനാ. ചതിയനായ നീയുമായി   ഞാനിനി കൂട്ടില്ല.” പാതാളക്കിണറിന്റെ വിലക്ക് അവഗണിച്ച് പോകാൻ ഒരുങ്ങി മാക്രിയെ മൈനയും തടയാൻ ചെന്നു. മൈന പെണ്ണേ പൊന്നു ചങ്ങാതീ നീയുമെന്നെ ചതിച്ചല്ലോ എന്ന് പറഞ്ഞ് മാക്രി അവിടം വിട്ടു.

പുതിയ താമസ സ്ഥലം അന്വേഷിച്ച് നടക്കുന്ന മാക്രിക്ക് മുന്നിലെത്തി നീർക്കോലി പറഞ്ഞു: ‘മാക്രി മോളേ ചങ്ങാതീ എന്താ അന്വേഷിക്കുന്നേ…’
നീർക്കോലിയെ കണ്ടപ്പോൾ  മാക്രിക്ക് ആശ്വാസമായി. അവൾ നീർക്കോലിയോടായി പറഞ്ഞു: എന്നെ സഹായിക്കാമോ ചങ്ങാതീ.  ഇനിയുള്ള കാലം അല്ലലും അലട്ടലുമില്ലാതെ പാർക്കാൻ എനിക്ക് ഒരു വീടു വേണം. ‘അതിനെന്താ ഞങ്ങളുടെ നാടായ പാമ്പ്കാവിൽ താമസക്കാരില്ലാത്ത ധാരാളം വീടുകളുണ്ട്. നിനക്ക് എത്ര വീട്ടുവേണേലും തരാം.’

നീർക്കോലിയുടെ വാക്ക് വിശ്വാസിച്ച് പാമ്പിൻ കാവിലെത്തിയ മാക്രി അവിടെ പാമ്പുകളുടെ ഭക്ഷണമായി. ഇതാണ് പറഞ്ഞത് ഒരുമയോടെ നിന്നാലെ കരുത്ത് ഉണ്ടാവൂ എന്ന് .